ഇന്ത്യൻ കായിക രംഗം കണ്ട എക്കാലത്തെയും മഹാനായ താരം താൻ ആണ് എന്ന് ഒരിക്കൽ കൂടി ഉറപ്പിച്ചു പറഞ്ഞു നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ ഒളിമ്പിക് സ്വർണ മെഡലിന് പിന്നാലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും താരം മെഡൽ സ്വന്തമാക്കി. വെള്ളി മെഡൽ നേടിയ നീരജ് ചരിത്രത്തിൽ ആദ്യമായി ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ താരവുമായി ഇതോടെ മാറി. ആറു ശ്രമങ്ങൾ ഉള്ള ഫൈനലിൽ നാലാം ശ്രമത്തിൽ 88.13 മീറ്റർ എറിഞ്ഞു ആണ് നീരജ് വെള്ളി മെഡൽ സ്വന്തം പേരിൽ കുറിച്ചത്. ആദ്യ ശ്രമവും അവസാന രണ്ടു ശ്രമങ്ങളും ഫൗൾ ആയപ്പോൾ രണ്ടാം ശ്രമത്തിൽ 82.39 മീറ്ററും മൂന്നാം ശ്രമത്തിൽ 86.37 മീറ്ററും ആണ് നീരജ് എറിഞ്ഞത്.
നാലാം ശ്രമത്തിൽ മികവ് കണ്ടത്തിയ നീരജ് വെള്ളി ഇന്ത്യക്ക് ആയി സമ്മാനിക്കുക ആയിരുന്നു. 2003 ൽ പാരീസ് ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് വെങ്കലം നേടിയ ശേഷം ഒരു ഇന്ത്യൻ താരം ലോക ചാമ്പ്യൻഷിപ്പിൽ നേടുന്ന രണ്ടാമത്തെ മെഡൽ ആണ് ഇത്. അതേസമയം അവസാന ശ്രമത്തിൽ 90.54 മീറ്റർ എറിഞ്ഞ ഗ്രനാഡയുടെ ആന്റേഴ്‌സൺ പീറ്റേർസ് സ്വർണ മെഡൽ സ്വന്തമാക്കി. 2019 ദോഹയിലും സ്വർണം നേടിയ താരം തന്റെ സ്വർണം നിലനിർത്തുക ആയിരുന്നു. ഫൈനലിൽ മൂന്നു തവണയാണ് താരം 90 മീറ്ററിന് മുകളിൽ ജാവലിൻ എറിഞ്ഞത്. 88.09 മീറ്റർ എറിഞ്ഞ ചെക് റിപ്പബ്ലിക് താരം ജാകുബ് ആണ് വെങ്കലം നേടിയത്. പാക്കിസ്ഥാന്റെ അർഷദ് നദീം അഞ്ചാമത് ഫൈനലിൽ അഞ്ചാമത് ആയി. നീരജിലൂടെ ഇന്ത്യൻ അത്‌ലറ്റിക്‌സ് പുതിയ ഉയരങ്ങൾ തന്നെയാണ് കയറുന്നത്.