ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീം അടുത്തിടെയായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുകയാണ്. 2018ല്‍ ഏഷ്യ കപ്പ് വിജയിച്ച ടീമിന് എന്നാല്‍ ടി20 ലോകകപ്പില്‍ മികവ് പുലര്‍ത്താനായില്ല. ടീമിന്റെ നെടുംതൂണായി കുറച്ച് നാളായായി കളിച്ച് വരുന്ന റുമാന അഹമ്മദ് പറയുന്നത് ടീമിന്റെ മികവിനായി വലിയ ടീമുകളുമായി കൂടുതല്‍ മത്സരം കളിക്കാനാകുന്നത് ഏറെ പ്രധാനമാണെന്നാണ്. ഏഷ്യ കപ്പ് കിരീടം നേടിയ ടീമില്‍ പത്ത് വിക്കറ്റുമായി പ്രധാന പ്രകടനം പുറത്തെടുത്ത താരമാണ് റുമാന.
ഇന്ത്യയെ ഞെട്ടിച്ച് കിരീടം നേടിയ ശേഷം അത്ര മികച്ചതായിരുന്നില്ല ടീമിന്റെ പിന്നീടുള്ള യാത്ര. കൂടുതല്‍ ടീമുകള്‍ക്കെതിരെ കൂടുതല്‍ മത്സരങ്ങള്‍ സാധിച്ചാല്‍ മാത്രമേ അവരെക്കുറിച്ച് കൂടുതലറിയുവാനും പിന്നീട് പഠിച്ച് മുന്നേറുവാനും ടീമിന് സാധിക്കുള്ളുവെന്ന് റുമാന വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെയും ബംഗ്ലാദേശിനെതിരെയും അധികം മത്സരം കളിച്ചിട്ടുള്ളതിനാല്‍ അവിടുത്തെ താരങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് ടീമിനുണ്ട്.
അതേ സമയം ശ്രീലങ്കയ്ക്കെതിരെ അധികം മത്സരം ടീം കളിച്ചിട്ടില്ലാത്തതിനാല്‍ അവരെ നേരിടുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് റുമാന വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയെ ഇടയ്ക്ക് നേരിടുന്നതിനാല്‍ അവര്‍ക്കെതിരെ മികവ് പുലര്‍ത്തുവാന്‍ ടീമിനാവുന്നുണ്ട്. ഓസ്ട്രേലിയയ്ക്കെതിര ലോകകപ്പിലാണ് ആദ്യമായി കളിച്ചത്. ടിവിയില്‍ അവരുടെ കളി കണ്ടിട്ടുണ്ടെന്നല്ലാതെ യാതൊരുവിധ പരിചയവുമില്ലായിരുന്നുവെന്ന് പറഞ്ഞ റുമാന അവരോട് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര മുമ്പ് കളിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമായിരുന്നുവെന്ന് കരുതി.