കറുത്ത വർഗ്ഗക്കാരനെ കൊന്നു വീണ്ടും അമേരിക്കൻ പോലീസ് ക്രൂരത, എൻ.ബി.എ പ്ലേ ഓഫ് കളിക്കാൻ വിസമ്മതിച്ചു ടീമുകൾ

- Advertisement -

പോലീസ് അധികൃതരാൽ വംശീയ വെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ മരണം ഉയർത്തിയ ‘ബ്ളാക്ക് ലൈഫ്സ് മാറ്റർ’ പ്രതിഷേധ കൊടുങ്കാറ്റിന് ശേഷവും അമേരിക്കയിൽ വീണ്ടും പോലീസ് ക്രൂരത. മുമ്പ് കായിക രംഗത്ത് വലിയ പ്രതിഷേധം ജോർജ് ഫ്ലോയിഡിന്റെ മരണത്തിനു ശേഷം ഉണ്ടായെങ്കിൽ ഇത്തവണ തങ്ങളുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കുക ആണ് കായിക രംഗം. ഈ കഴിഞ്ഞ വാരാന്ത്യത്തിൽ ആണ് അമേരിക്കൻ സംസ്ഥാനമായ വിസ്കോസിനിൽ പോലീസിന്റെ വെടിയേറ്റ് ജേക്കബ് ബ്ലേക്ക് എന്ന കറുത്ത വർഗ്ഗക്കാരൻ മരിക്കുന്നത്. 7 തവണയാണ് പോലീസ് ബ്ലേക്കിന്‌ നേരെ വെടി ഉതിർത്തത്. എന്നും കരുത്തവർഗ്ഗക്കാർക്ക് എതിരെയുള്ള അമേരിക്കൻ പോലീസ് ക്രൂരത അമേരിക്കയിൽ വലിയ വിവാദ വിഷയമാണ്. ഇതിനെ തുടർന്നാണ് ബ്ലേക്കിന്‌ പിന്തുണയുമായി എൻ.ബി.എ പ്ലേ ഓഫ് കളിക്കില്ലെന്ന ചരിത്രപരമായ തീരുമാനം വിസ്കോസിനിൽ നിന്നുള്ള ടീമായ മിൽവുകീ ബക്‌സ് എടുക്കുന്നത്.

തങ്ങളുടെ സ്റ്റേഡിയത്തിൽ നിന്നു അധികം അകലെയല്ലാതെ താമസിക്കുന്ന ബ്ലേക്കിന്റെ കൊലപാതകത്തെ തുടർന്ന് പ്ലേ ഓഫ് കളിക്കില്ല എന്ന ഉറച്ച തീരുമാനം ബക്‌സ് ടീം എടുക്കുക ആയിരുന്നു. എൻ.ബി.എ പ്ലേ ഓഫിൽ ഓർലാണ്ടോ മാജിക്കിന്‌ എതിരായ അഞ്ചാം മത്സരം ബക്സ് കളിക്കില്ല എന്നു തീരുമാനിച്ചതോടെ അവർക്ക് പിന്തുണ നൽകിയ മാജിക് ലോക്കർ റൂമിൽ നിന്ന് കളത്തിലേക്ക് വരാൻ വിസമ്മതിച്ചു. നിലവിൽ സീരീസിൽ ഒന്നിനെതിരെ മൂന്ന് മത്സരങ്ങൾ പിന്നിൽ നിൽക്കുക ആണെങ്കിലും ബക്സ് മത്സരം തോറ്റതായി അംഗീകരിക്കാൻ ഓർലാണ്ടോ മാജിക് തയ്യാറായില്ല. ഇതേ പോലീസിനാൽ 2018 ൽ തങ്ങളുടെ താരം സ്റ്റെർലിങ് ബ്രോൺ വംശീയ അധിക്ഷേപത്തിനു വിധേയമായ ചരിത്രമുള്ള ബക്സ് തങ്ങളുടെ ശക്തമായ നിലപാട് കൊണ്ട് വലിയ ശബ്ദമാണ് ഉയർത്തിയത്.

തുടർന്ന് ഹൂസ്റ്റൺ റോക്കറ്റ്‌സ്, ഒകലഹോമ സിറ്റി ടീമുകൾ തങ്ങളുടെ മത്സരം കളിക്കില്ലെന്ന തീരുമാനം എടുത്തു. സമാനമായ തീരുമാനം തന്നെ എടുത്ത ലോസ് ആഞ്ചൽസ് ലേക്കേഴ്‌സ്, പോർട്ട്ലാന്റ് ട്രൈൽ ബ്ലെസേഴ്‌സ് ടീമുകളും പോലീസ് അതിക്രമത്തിന് എതിരെ ശക്തമായി രംഗത്ത് വന്നു. ഇതോടെ ഈ മത്സരങ്ങൾ പിന്നീട്‌ നടത്തും എന്നു എൻ.ബി.എ അധികൃതർ പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് പ്രഖ്യാപിച്ച ദിവസം കളിക്കാൻ ടീമുകൾ തയ്യാറാവുമോ എന്നു ഇപ്പോൾ വ്യക്തമല്ല. തങ്ങളുടെ ബേസ് ബോൾ മത്സരം കളിക്കില്ല എന്നു മിൽവുകീ ഭ്രൂവെയ്‌സും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നും രാഷ്ട്രീയപരമായി വലിയ തീരുമാനങ്ങൾ എടുത്ത പാരമ്പര്യം ആണ് എൻ.ബി.എ താരങ്ങൾക്ക് ഉള്ളത്. ജോർജ് ഫ്ലോയിഡ് വിഷയത്തിൽ അടക്കം ലൈബ്രോൺ ജെയിംസ് അടക്കം വലിയ താരങ്ങൾ എല്ലാം വലിയ പ്രതിഷേധം ആണ് ഉയർത്തിയത്. എന്നാൽ ഈ പ്രതിഷേധങ്ങൾ ഫലം കാണുന്നില്ല എന്ന തിരിച്ചറിവ് ആണ് മത്സരങ്ങൾ കളിക്കാൻ തയ്യാറാവാത്ത വിധം കടുത്ത തീരുമാനങ്ങൾ എടുക്കാൻ താരങ്ങളെ പ്രേരിപ്പിക്കുന്നത്. പോലീസിന്റെ അടക്കം വംശീയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മത്സരങ്ങൾ കളിക്കാതെ അനിശ്ചിതകാല സമരത്തിലേക്ക് പോവാനുള്ള തീരുമാനം കളിക്കാരുടെ സംഘടന വോട്ടെടുപ്പിലൂടെ എടുത്തേക്കും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. എന്തായാലും വംശീയതക്ക് എതിരെ സന്ധിയില്ലാ പോരാട്ടത്തിലേക്ക് തന്നെയാണ് അമേരിക്കൻ കായികതാരങ്ങൾ ഇറങ്ങുന്നത് എന്നതാണ് വസ്തുത.

Advertisement