ഫുട്ബോൾ ലോകത്ത് നിന്ന് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്ന വാർത്തയാണ് എത്തുന്നത്. അയാക്സിന്റെ യുവതാരമായിരുന്ന അബ്ദൽഹക് നൗരി കോമയിൽ നിന്ന് എഴുന്നേറ്റിരിക്കുന്നു. രണ്ടു വർഷവും 8 മാസവും നീണ്ട കോമ കാലത്തിനാണ് അന്ത്യമായിരിക്കുന്നത്. നൗരി കോമയിൽ നിന്ന് എഴുന്നേറ്റതായും വീൽ ചെയറിൽ ഇരിക്കാനും ഭക്ഷണം കഴിക്കാനും ഇപ്പോൾ പറ്റുന്നുണ്ട് എന്നും കുടുംബം അറിയിച്ചു.
അയാക്സിനു വേണ്ടി കളിക്കുന്നതിനിടെ രണ്ട് സീസൺ മുമ്പ് പരിക്കേറ്റതായിരുന്നു നൗരിയെ ഫുട്ബോൾ ലോകത്ത് നിന്ന് അകറ്റിയത്. പ്രീ സീസൺ മത്സരത്തിനിടയിൽ ആയിരുന്നു നൗരിക്ക് തലയ്ക്ക് പരിക്കേറ്റത്. മസ്തിഷ്കത്തിനേറ്റ പരിക്കും ഇതിനൊപ്പം ഉണ്ടായ ഹൃദയാഘാതവും താരത്തിന്റെ ആരോഗ്യനില പൂർണ്ണമായും തകർക്കുകയായിരുന്നു. മസ്തിഷ്കത്തിൽ കാര്യമായി പരിക്കേറ്റ താരത്തിന് ഇനി ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
അയാക്സ് നൗരിയോടുള്ള ബഹുമാനത്തിന്റെ ഭാഗമായി നൗരിയുടെ ജേഴ്സി ഇനി ആർക്കും നൽകില്ല എന്നൊരു തീരുമാനം എടുത്തിരുന്നു. ഒപ്പം നൗരിക്ക് ആജീവാനന്ത കരാർ നൽകുകയും ചെയ്തിരുന്നു. പരിക്ക് പറ്റിയില്ലായിരുന്നു എങ്കിൽ ഡിയോങ്ങിനെയും ഡിലിറ്റിനെയും ഒക്കെ പോലെ അയാക്സിലൂടെ വളർന്ന് ലോക ശ്രദ്ധ നേടുന്ന താരങ്ങളിൽ ഒന്നായി നൗരിയും മാറുമായിരുന്നു.