ഇറ്റാലിയൻ സീരി എയിൽ വിജയകുതിപ്പ് തുടർന്ന് നാപോളി. ബൊളാഗ്നയെ 5 ഗോൾ ത്രില്ലറിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് നാപോളി മറികടന്നത്. ആക്രമണ ഫുട്‌ബോൾ കണ്ട മത്സരത്തിൽ നാപോളി 30 ഷോട്ടുകൾ ഉതിർത്തപ്പോൾ ബൊളാഗ്ന 16 ഷോട്ടുകൾ ആണ് ഉതിർത്തത്. 41 മത്തെ മിനിറ്റിൽ ആന്ദ്രസ് കാമ്പിയാസോയുടെ പാസിൽ നിന്നു ജോഷുവ സിർക്സി ഗോൾ നേടിയതോടെ നാപോളി ഞെട്ടി. എന്നാൽ നാലു മിനിറ്റിനുള്ളിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു യുവാൻ ജീസുസ് നാപോളിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ പകരക്കാരനായി ഇറങ്ങിയ ഹിർവിങ് ലൊസാനോ നാപോളിയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ ആന്ദ്രസ് കാമ്പിയാസോയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് മുസ ബാരോ നേടിയ ഗോളിൽ ബൊളാഗ്ന വീണ്ടും ഒപ്പമെത്തി. 69 മത്തെ മിനിറ്റിൽ ജോർജിയ താരം ക്വിച കവരറ്റ്സ്കേലിയയുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ വിക്ടർ ഒസിമ്ഹൻ നാപോളിക്ക് വിജയഗോൾ സമ്മാനിച്ചു. പകരക്കാരുടെ മികവ് ആണ് നാപോളിക്ക് വിജയം സമ്മാനിച്ചത്. നിലവിൽ നാപോളി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.