2021ന്റെ ആദ്യ ദിവസം തന്നെ ഇന്ത്യൻ ഫുട്ബോളിൽ നാടകീയ സംഭവങ്ങൾ നടക്കുകയാണ്. ഇന്ത്യയിലെ രണ്ട് വലിയ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിലാണ് പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. നൊങ്ഡമ്പ നവോറത്തിന്റെയും സുഭാ ഘോഷിന്റെയും ട്രാൻസ്ഫർ ആണ് വിവാദത്തിൽ ആയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് യുവതാരം നവോറത്തെ കഴിഞ്ഞ ദിവസം എ ടി കെ മോഹൻ ബഗാൻ സൈൻ ചെയ്തിരുന്നു. എന്നാൽ സൈൻ ചെയ്തതിനു ശേഷം മെഡിക്കൽ പരിശോധനയിൽ നവോറത്തിന് എ സി എൽ ഇഞ്ച്വറി ഉള്ളതായി കണ്ടെത്തി.
കേരള ബ്ലാസ്റ്റേഴ്സ് ഇഞ്ച്വറി മറച്ചു വെച്ചാണ് ട്രാൻസ്ഫർ നടത്തിയത് എന്നാണ് മോഹൻ ബഗാൻ ആരോപണം. അതുകൊണ്ട് തന്നെ നവോറത്തിന്റെ ട്രാൻസ്ഫർ തുക നൽകില്ല എന്ന് മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ അറിയിച്ചു. ഇത് കേരള ബ്ലാസ്റ്റേഴ്സ് അംഗീകരിക്കുന്നില്ല. ഇതുകൊണ്ടും പ്രശ്നം തീരുന്നില്ല. സുഭാ ഘോഷിന്റെ ട്രാൻസ്ഫർ ഇപ്പോൾ മോഹൻ ബഗാൻ നിഷേധിച്ചിരിക്കുകയാണ്. പ്ലയർ രജിസ്ട്രേഷന്റെ സമയത്താണ് സുഭാ ഘോഷിന്റെ ട്രാൻസ്ഫർ അനുവദിക്കില്ല എന്ന് മോഹൻ ബഗാൻ പറഞ്ഞത്.
രണ്ട് ദിവസം മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ച ട്രാൻസ്ഫർ ആണ് ഇത്. സുഭ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരുകയും ചെയ്തു. ഈ സമയത്താണ് ഇങ്ങനെ ഒരു നീക്കം. ഇത് രണ്ട് ക്ലബുകളെയും മാത്രമല്ല രണ്ട് താരങ്ങളുടെ കരിയറും അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്.