ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗത്തിൽ മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക ജേതാവ്. 22 സീഡ് അമേരിക്കൻ താരം ജെന്നിഫർ ബ്രോഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഒസാക്ക തന്റെ നാലാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്. രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം കൂടിയാണ് ഒസാക്കക്ക് ഇത്. സെറീന വില്യംസിനെ സെമിഫൈനലിൽ വീഴ്ത്തി എത്തിയ ഒസാക്കക്ക് ഫൈനലിൽ വെല്ലുവിളി ആവാൻ ഒരു ഘട്ടത്തിലും ബ്രോഡിക്ക് ആയില്ല. മുഗുരുസക്ക് എതിരായ മത്സരത്തിൽ മാച്ച് പോയിന്റ് രക്ഷിച്ച് കടന്നു കൂടിയ ഒസാക്ക കിരീടം അർഹിച്ചത് തന്നെയായിരുന്നു. മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത ഒസാക്ക ലഭിച്ച 5 അവസരങ്ങളിൽ 4 തവണയും ബ്രോഡിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം ലഭിച്ച നാലു അവസരങ്ങളിൽ രണ്ടു ബ്രൈക്ക് മാത്രം കണ്ടത്താനെ ബ്രാഡിക്ക് ആയുള്ളൂ. ഫൈനലിൽ മികച്ച തുടക്കം ലഭിച്ച ഒസാക്ക മത്സരത്തിൽ ഒരു ഘട്ടത്തിലും കാര്യമായ1 വെല്ലുവിളി നേരിട്ടില്ല. ആദ്യ സെറ്റിൽ രണ്ടു തവണ ബ്രൈക്ക് കണ്ടത്തിയ ഒസാക്ക സെറ്റ് 6-4 നു സ്വന്തമാക്കി കിരീടം ഒരു സെറ്റ് മാത്രം അകലെയാക്കി.
രണ്ടാം സെറ്റിൽ തുടക്കത്തിൽ ബ്രാഡിക്ക് മേൽ സമ്പൂർണ ആധിപത്യം നേടിയ ഒസാക്ക ഇരട്ട ബ്രൈക്കുകൾ കണ്ടത്തി 4-0 നു മുന്നിലെത്തി. തുടർന്ന് ബ്രാഡി ഒരു ബ്രൈക്ക് തിരിച്ചു പിടിച്ചു പൊരുതി നിൽക്കാൻ ശ്രമിച്ചു എങ്കിലും സെറ്റ് 6-3 നു നേടിയ ഒസാക്ക 2021 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തം പേരിലാക്കി. വരാനിരിക്കുന്ന സീസണിലും താൻ സമാനമായ മികവ് പുലർത്തും എന്ന ശക്തമായ സൂചനയാണ് ജപ്പാൻ താരം സീസണിലെ ആദ്യ ഗ്രാന്റ് സ്‌ലാമിൽ നൽകിയത്. 2018 മുതൽ ഓരോ വർഷവും ഓരോ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ ഒസാക്ക ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിൽ എത്തിയ ശേഷം കിരീടം ഉയർത്തുക എന്ന പതിവ് ഇത്തവണയും ആവർത്തിച്ചു. സാക്ഷാൽ മോണിക്ക സെലസിന് ശേഷം ആദ്യമായി കളിച്ച ആദ്യ നാലു ഗ്രാന്റ് സ്‌ലാം ഫൈനലുകളും ജയിക്കുന്ന താരം കൂടിയായി ഒസാക്ക മാറി. ഓസ്‌ട്രേലിയൻ, യു.എസ് ഓപ്പൺ ഹാർഡ് കോർട്ടിലെ കിരീടനേട്ടങ്ങളുടെ മികവ് വിംബിൾഡൺ പുൽ മൈതാനത്തും, ഫ്രഞ്ച് ഓപ്പൺ കളിമണ്ണ് മൈതാനത്തും ആവർത്തിക്കാൻ ആവും ഒസാക്ക വരും വർഷങ്ങളിൽ ശ്രമിക്കുക.