റോളണ്ട് ഗാരോസിൽ കളിമണ്ണ് കോർട്ടിലെ ദൈവം റാഫേൽ നദാലിന് ആദ്യ റൗണ്ടിൽ മടക്കം. ദീർഘകാലത്തെ പരിക്കിന് ശേഷം ഫ്രഞ്ച് ഓപ്പൺ കളിക്കാൻ എത്തിയ റാഫ നദാൽ ആദ്യ റൗണ്ടിൽ നാലാം സീഡ് സാഷ സെരവിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയപ്പെട്ടത്. ആദ്യ സർവീസിൽ തന്നെ ബ്രേക്ക് വഴങ്ങി കളി തുടങ്ങിയ നദാൽ തന്റെ പഴയ പ്രതാപം ഇടക്ക് പുറത്ത് എടുക്കുന്നതും കണ്ടു. ജ്യോക്കോവിച്ചും, അൽകാരസും, സ്വിയെറ്റകും അടക്കം ടെന്നീസ് ലോകത്തിലെ പ്രമുഖർ എല്ലാം കളി കാണാൻ എത്തിയ മത്സരത്തിൽ മൂന്നു മണിക്കൂർ പോരാട്ടത്തിന് ഒടുവിൽ ആണ് നദാൽ കീഴടങ്ങിയത്. ആദ്യ സെറ്റിൽ 2 തവണ ബ്രേക്ക് വഴങ്ങിയ നദാൽ സെറ്റ് 6-3 നു കൈവിട്ടു.
എന്നാൽ രണ്ടാം സെറ്റിൽ കൂടുതൽ പൊരുതിയ നദാൽ സാഷയുടെ സർവീസ് ബ്രേക്ക് ചെയ്യുന്നതും കണ്ടു. എന്നാൽ ടൈബ്രേക്കറിലേക്ക് പോയ ഉഗ്രൻ സെറ്റിൽ പക്ഷെ 7-5 ടൈബ്രേക്കർ പിടിച്ച സാഷ സെറ്റ് 7-6 നു സ്വന്തം പേരിലാക്കി. മൂന്നാം സെറ്റിലും നദാലിന്റെ പോരാട്ടം കണ്ടെങ്കിലും ഒരിഞ്ചു വിട്ടു നൽകാൻ സാഷ തയ്യാറായില്ല. രണ്ടു തവണ നദാലിന്റെ സർവീസ് ഈ സെറ്റിലും ജർമ്മൻ താരം ബ്രേക്ക് ചെയ്തു. എന്നാൽ ഇടക്ക് രണ്ടു ബ്രേക്ക് പോയിന്റ് സൃഷ്ടിച്ചു നദാൽ തനിക്ക് ആയി ആർത്തു വിളിച്ച ആരാധകരെ ആവേശം കൊള്ളിച്ചെങ്കിലും സാഷ ഇത് മികച്ച കളിയിയിലൂടെ തിരിച്ചു പിടിച്ചു. ഒടുവിൽ സെറ്റ് 6-3 നു അടിയറവ് പറഞ്ഞ നദാൽ മത്സരത്തിൽ പരാജയം സമ്മതിച്ചു. 14 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ നദാൽ ഇത് ആദ്യമായാണ് ആദ്യ റൗണ്ടിൽ പുറത്ത് ആവുന്നത്. തന്റെ അവസാനത്തെ ഫ്രഞ്ച് ഓപ്പൺ മത്സരം ആവാം ഇത് എന്നു നേരത്തെ പറഞ്ഞ നദാലിനെ ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിൽ തോൽപ്പിക്കുന്ന വെറും മൂന്നാമത്തെ മാത്രം താരമായി സാഷ മാറി.