ഡെൽഹിക്ക് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കാൻ ഇനി എന്ന് ആകുമെന്ന് അറിയില്ല. ഇന്ന് ഡെൽഹിയിൽ നടന്ന മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഡെൽഹി ഡൈനാമോസ് വിജയത്തിലേക്ക് ആണെന്നു തന്നെയാണ് തോന്നിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ എന്നതിനപ്പുറം മത്സരത്തിന്റെ നിയന്ത്രണം മുഴുവൻ ഡെൽഹിക്ക് തന്നെ ആയിരുന്നു. എന്നാൽ എല്ലാം രണ്ടാം പകുതിയിൽ തകർന്നു.
നാലു ഗോളുകൾ ആൺ രണ്ടാം പകുതിയിൽ ഡെൽഹി ഡൈനാമോസ് വഴങ്ങിയത്. 4-2ന്റെ പരാജയം. ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളാണ് ഡെൽഹിക്ക് ഇന്ന് പ്രതീക്ഷ നൽകിയ ലീഡ് നേടിക്കൊടുത്തത്.
കളിയുടെ 14ആം മിനുട്ടിൽ ചാങ്തെയുടെ ഒരു ഷോട്ട് ക്രോസ് സൗവിക് ചക്രവർത്തിയുടെ കാലിൽ തട്ടി ഗോളാവുകയായിരുന്നു. സൗവികിന്റെ സെൽഫ് ഗോളായാണ് ഗോൾ കണക്കാക്കിയിട്ടുള്ളത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയും ഒരു ഓൺ ഗോളുമാണ് കലീ മാറ്റി മറിച്ചത്. 49ആം മിനുട്ടിൽ ഡെൽഹി ഒരു പെനാൾട്ടി വഴങ്ങിയത് ബാസ്റ്റോസ് ലക്ഷ്യത്തി എത്തിച്ചു. 61ആം മിനുട്ടിൽ ക്രിസ്പിയുടെ അബദ്ധത്തിൽ പിറന്ന സെൽഫ് ഗോൾ കളി മുംബൈക്ക് അനുകൂലമായി 2-1 എന്ന സ്കോറിലേക്ക് എത്തിച്ചു.
64ആം മിനുട്ടിൽ ഡെൽഹി ഒരു ഗോൾ മടക്കി 2-2 എന്ന സമനിലയിൽ എത്തിച്ചെങ്കിലും അത് അധിക സമയം നീണ്ടു നിന്നില്ല. 69ആം മിനുട്ടിൽ ഫെർണാണ്ടസും 80ആം മിനുട്ടിൽ മക്കേഡോയും ഗോൾ കണ്ടെത്തിയപ്പോൾ 4-2ന്റെ വിജയം മുംബൈ ഉറപ്പിച്ചു. ഈ ജയത്തോടെ മുംബൈ സിറ്റി ലീഗിൽ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു.