കേരളത്തിലെ ഏറ്റവും മികച്ച അക്കാദമികളിൽ ഒന്നായ മുത്തൂറ്റ് അക്കാദമി ഇനി കേരള പ്രീമിയർ ലീഗിന്റെ ഭാഗമാകും. പുതിയ സീസൺ കേരള പ്രീമിയർ ലീഗിൽ മുത്തൂറ്റ് അക്കാദമി കളിക്കും എന്ന് ക്ലബ് അറിയിച്ചു. വലിയ ടാലന്റുകളെ വളർത്തിയെടുക്കുന്നതിൽ മികവ് കാണിക്കുന്ന മുത്തൂറ്റിന്റെ കേരള പ്രീമിയർ ലീഗിലെ അരങ്ങേറ്റം ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ഒന്നാകും. കെ എഫ് എയുടെ അക്കാദമി ലീഗുകളിൽ അവസാന വർഷങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് മുത്തൂറ്റ് എഫ് സി.
നാലു വർഷത്തോളമായി മുത്തൂറ്റ് ഫുട്ബോൾ അക്കാദമി പ്രവർത്തിക്കുന്നുണ്ട്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹകരിച്ചായിരുന്നു അക്കാദമി പ്രവർത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസറും ആയിരുന്നു മുത്തൂറ്റ്. താരങ്ങളെ നീണ്ട കാലത്തെ കോണ്ട്രാക്ട് വെച്ച് പരിശീലിപ്പിക്കുന്ന ദൂരദൃഷ്ടിയുള്ള സംവിധാനമാണ് മുത്തൂറ്റ് അക്കാദമി മാതൃകയാക്കുന്നത്. അതിന്റെ ഫലവും ക്ലബിന് ലഭിക്കുന്നുണ്ട്. അനീസാണ് ടെക്നിക്കൽ ഡയറക്ടർ ആയി പ്രവർത്തിക്കുന്നത്. സുബീഷ്, അൻസിൽ എന്നിവരും പരിശീലകരായി ഉണ്ട്. രാഹുൽ ആണ് ടീം മാനേജർ. കിറ്റ് മാനേജറായി സന്തോഷും ടീമിനൊപ്പം ഉണ്ട്.
ഇപ്പോൾ തന്നെ മികച്ച സൗകര്യങ്ങൾ ഉള്ള മുത്തൂറ്റ് അക്കാദമി പാലക്കാട് അക്കാദമിക്കായി 18 കോടിയോളം വരുന്ന സ്പോർട്സ് കോമ്പ്ലക്സ് ഒരുക്കുന്നുണ്ട്. എറണാകുളത്തും മുത്തൂറ്റിന് ഗ്രൗണ്ടുണ്ട്. ഈ വർഷം അവസാനം ഡിസംബറിലാണ് കെ പി എൽ നടക്കുക. ആ സമയത്തേക്ക് കൂടുതൽ സജ്ജരായി കേരളത്തിലെ വലിയ ക്ലബുകളെ ഒക്കെ വിറപ്പിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് മുത്തൂറ്റ് അക്കാദമി.