ഉറുഗ്വേ ഗോൾകീപ്പർ മുസലേരയുടെ അബദ്ധവും ഇന്നലെ ഫ്രാൻസിനെതിരായ ഉറുഗ്വേയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്നലെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഉറുഗ്വേ പരാജയപ്പെട്ടിരുന്നു. ഇതിൽ രണ്ടാമത്തെ ഗോൾ മുസ്ലേരയുടെ പിഴവായിരുന്നു. ഗ്രീസ്മന്റെ ഷോട്ട് തനിക്ക് നേരെയാണ് വന്നതെങ്കിലും അത് പഞ്ച് ചെയ്ത് അകറ്റുന്നതിൽ മുസലേര പരാജയപ്പെടുകയും പന്ത് വലയിൽ എത്തുകയുമായിരുന്നു.
മുസലേരയുടെ പ്രകടനത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട് എങ്കിലും മുസലേരയെ ഓർത്ത് സഹതപിക്കുകയാണ് താരത്തെ അറിയുന്നവർ. ഉറുഗ്വേയുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് തൊട്ടു മുമ്പത്തെ ദിവസങ്ങളിലായി മുസലേരയുടെ വീട്ടിൽ രണ്ട് മരണങ്ങൾ നടന്നിരുന്നു. തന്റെ അമ്മാവനും തന്റെ അമ്മയുടെ അമ്മയെയും ആണ് 72 മണിക്കൂറിനിടെ മുസലേരയ്ക്ക് നഷ്ടപ്പെട്ടത്.
താരത്തിന് വീട്ടിലേക്ക് മടങ്ങാൻ പറ്റുമായിരുന്നു എങ്കിലും ടീമിലെ ഏറ്റവും പരിചയസമ്പത്ത് ഉള്ള താരമെന്ന നിലയിൽ ഉത്തരവാദിത്വം മറക്കാൻ മുസലേര ഒരുക്കമായിരുന്നില്ല. താരം ഫ്രാൻസിനെതിരെ വിഷമം കടിച്ചമർത്തി കളിക്കുകയായിരുന്നു. അതിനിടെയാണ് ഈ ഒരു അബദ്ധവും താരത്തിന് തിരിച്ചടിയായത്. ഉറുഗ്വേക്ക് വേണ്ടി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമാണ് മുസലേര.
ഒരു പിഴവ് കൊണ്ട് മുസലേരയെ വിമർശിക്കാൻ ആവില്ല എന്ന് ടീം ക്യാപ്റ്റനായ ഗോഡിൻ ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു. ടീമിനെ ഒരുപാട് പിഴവുകളിൽ നിന്ന് ഒറ്റയക്ക് രക്ഷിച്ച ചരിത്രം മുസലേരയുടെ കരിയറിനുണ്ട്. അതുകൊണ്ട് ഈ ഗോൾ ഒരു പ്രശ്നമായി പോലും കണക്കാക്കുന്നില്ല എന്നായിരുന്നു ഗോഡിന്റെ അഭിപ്രായം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial