മുംബൈയിലെ ഐ എസ് എൽ സീസണ് ഇന്ന് തുടക്കമാകും. ഇന്ന് മുംബൈ അരീനയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി ജംഷദ്പൂർ എഫ് സിയെ നേരിടും. രണ്ട് പുതിയ പരിശീലകർ തമ്മിലുള്ള പോരാട്ടം കൂടിയാണിത്. പുതിയ പരിശീലകരുടെ കീഴിലാണ് ഇരുടീമുകളും ഇറങ്ങുന്നത്. മുംബൈ സിറ്റിയെ ജോർഗെ കോസ്റ്റയും, ജംഷദ്പൂരിനെ സീസർ ഫെറാണ്ടോയുമാണ് പരിശീലിപ്പിക്കുന്നത്.
കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് യോഗ്യത നേടാൻ കഴിയാതിരുന്ന ടീമുകളാണ് മുംബൈയും ജംഷദ്പൂരും. അതുകൊണ്ട് തന്നെ പ്ലേ ഓഫ് തന്നെയാകും ഇരുടീമുകളുടെയും ഈ സീസണിൽ ആദ്യ ലക്ഷ്യം. പ്രീസീസണിലെ മികച്ച പ്രകടങ്ങൾ ഇരുടീമുകൾക്കും ആത്മവിശ്വാസം നൽകുന്നു. പ്രീസീസണിൽ ഏഴു മത്സരങ്ങൾ വിജയിച്ചാണ് മുംബൈ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പ്രീസീസണിലെ മികവ് ഐ എസ് എല്ലിലേക്ക് എടുക്കുകയാണ് ലക്ഷ്യം എന്നും മുംബൈ പരിശീലകൻ ജോർഗെ കോസ്റ്റ പറഞ്ഞു.
ജംഷദ്പൂരും പ്രീസീസണിൽ മികച്ചു നിന്നിരുന്നു. പക്ഷെ ഇന്ന് രണ്ട് പ്രധാന താരങ്ങൾ ഇല്ലാതെയാകും ജംഷദ്പൂർ ഇറങ്ങുന്നത്. ജംഷദ്പൂരിന്റെ വൻ സൈനിംഗ് ആയ ടിം കാഹിലും, ഗോൾകീപ്പർ സുബ്രതാ പോളുമാണ് ഇന്ന് കളത്തിന് പുറത്താവുക. സസ്പെൻഷൻ കാരണം ആണ് ഇരു താരങ്ങളും പുറത്ത് ഇരിക്കുന്നത്.
കഴിഞ്ഞ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജംഷദ്പൂരിനെ തോൽപ്പിക്കാൻ കഴിയാതിരുന്ന മുംബൈ സിറ്റി ഇന്ന് അതിന് സാധിക്കുമെന്ന വിശ്വാസത്തിലാണ്. വൈകിട്ട് 7.30നാണ് മത്സരം നടക്കുക.