ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ ചെന്നൈ ജയിച്ചതോടെയാണ് നാല് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് ഉറപ്പിച്ചത്. 12 മത്സരങ്ങളിൽ നിന്ന് 8 മത്സരവും ജയിച്ചാണ് രോഹിത് ശർമ്മയുടെ ടീം പ്ലേ ഓഫ് ഉറപ്പിച്ചത്.
ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ നിന്ന് ഒന്ന് ജയിച്ചാൽ മുംബൈ ഇന്ത്യൻസ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് സ്വന്തമാക്കുകയും ചെയ്യും. രണ്ട് മത്സരങ്ങൾ മുംബൈ ഇന്ത്യൻസ് തോറ്റാലും മികച്ച റൺ റേറ്റ് അവർക്ക് ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിക്കൊടുക്കാൻ സാധ്യതയുണ്ട്. അതെ സമയം ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സിനോട് തോറ്റതോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. ഇന്നലെ ജയിച്ചാൽ ടോപ് ഫോറിൽ എത്തുമായിരുന്നു കൊൽക്കത്ത നിലവിൽ അഞ്ചാം സ്ഥാനത്താണ്. അടുത്ത മത്സരം മികച്ച മാർജിനിൽ ജയിക്കുകയും മറ്റു ടീമുകളുടെ ഫലങ്ങളും അനുകൂലമായെങ്കിൽ മാത്രമാവും കൊൽക്കത്തക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവുക.
രണ്ടാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനും മൂന്നാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസും തന്നെയാണ് പ്ലേ ഓഫ് സാധ്യത ഏറ്റവും കൂടുതൽ കല്പിക്കപെടുന്ന ടീമുകൾ. അതെ സമയം നാലാം സ്ഥാനത്തുള്ള കിങ്‌സ് ഇലവൻ പഞ്ചാബിന് അടുത്ത രണ്ട് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് നേടാനാവു. ഇന്ന് നടക്കുന്ന കിങ്‌സ് ഇലവൻ പഞ്ചാബ് – രാജസ്ഥാൻ റോയൽസ് മാത്രത്തിൽ തോൽക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്താവുമെന്ന് ഉറപ്പാണ്.