“കുറച്ചു വർഷങ്ങളായി മുംബൈ ഇന്ത്യൻസ് ആണ് ചെന്നൈ സൂപ്പർ കിങ്സിനേക്കാൾ മികച്ച ടീം”

Staff Reporter

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുംബൈ ഇന്ത്യൻസ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച ടീമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് ഉണ്ടായിരുന്ന ആധിപത്യത്തിന് വെല്ലുവിളിയായി മുംബൈ ഇന്ത്യൻസ് ഉയർന്നു വന്നുവെന്നും മഞ്ചരേക്കർ പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്‌സ് 8 തവണ ഫൈനലിൽ എത്തിയതിൽ നിന്ന് മൂന്ന് തവണ മാത്രമാണ് കിരീടം നേടിയതെന്നും എന്നാൽ മുംബൈ ഇന്ത്യൻസ് 5 തവണ ഫൈനലിൽ എത്തിയതിൽ നിന്ന് നാല് തവണ ജയിച്ചെന്നും മഞ്ചരേക്കർ പറഞ്ഞു. ഐ.പി.എല്ലിലെ വിജയ ശതമാനം നോക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് ഒന്നാം സ്ഥനത്ത് ആണെങ്കിലും അടുത്തിടെയായി മുംബൈ ഇന്ത്യൻസ് ചെന്നൈക്ക് വെല്ലുവിളി സൃഷ്ട്ടിക്കുന്നുണ്ട്. ഫൈനലിന്റെ കാര്യമെടുക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ജയിക്കാനാണ് ഫൈനൽ കളിക്കുന്നത്. അതെ സമയം ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ എപ്പോഴും ജയിക്കുന്നില്ലെന്നും മഞ്ചരേക്കർ പറഞ്ഞു.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 4 കിരീടവുമായി ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമായി കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസ് മാറിയിരുന്നു. കഴിഞ്ഞ വർഷം ഐ.പി.എൽ ഫൈനലിൽ മൂന്ന് തവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിനെ അവസാന പന്തിൽ തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ നാലാം കിരീടം നേടിയത്.