കുതിപ്പ് തുടർന്ന് മുംബൈ സിറ്റി, നോർത്ത് ഈസ്റ്റിന് ഏഴാം തോൽവി

20221125 205335

ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിയുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. അതേ സമയം തുടർച്ചയായ ഏഴാം മത്സരത്തിലും തോൽവി നേരിട്ടിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. സീസണിൽ ഒരു വിജയമോ സമനിലയോ പോലും കൈവരിക്കാൻ സാധിക്കാത്ത ഒരേയൊരു ടീമായി തുടരുകയാണ് നോർത്ത് ഈസ്റ്റ്.

20221125 215334

നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ മുംബൈ ലീഡ് എടുത്തു. ബോക്സിലേക്ക് കുതിച്ചെത്തിയ മുംബൈ താരം ഗ്രെഗ് സ്റ്റുവർട് ഫൗൾ ചെയ്യപ്പെട്ടപ്പോൾ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക് എടുത്ത അഹമ്മദ് ജഹോക്ക് തെല്ലും പിഴച്ചില്ല. എന്നാൽ ഏഴു മിനിറ്റുകൾക്ക് ശേഷം സമനില ഗോൾ നേടിക്കൊണ്ടു ആതിഥേയർ മടങ്ങി വരവിന്റെ സൂചനകൾ നൽകി. ഫിലിപ്പോറ്റെക്സിന്റെ അസിസ്റ്റിൽ നിന്നും പാർഥിബ് ഗോഗോയി ആണ് ഗോൾ കണ്ടെത്തിയത്. എന്നാൽ ഇതോടെ മുംബൈ ആക്രമണം കടുപ്പിച്ചു. ഇരുപത്തിയേട്ടാം മിനിറ്റിൽ കാത്തിരുന്ന ഗോൾ എത്തി. ഗ്രെഗ് സ്റ്റുവാർട്ടിന്റെ നീക്കം തന്നെയാണ് ഇത്തവണയും നിർണായകമായത്. താരം വലത് വിങ്ങിൽ നിന്നും നൽകിയ ഒന്നാന്തരമൊരു ക്രോസ് ബിപിൻ സിങ് ഹെഡറിലൂടെ വലയിൽ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുംബൈ വീണ്ടും ലീഡ് ഉയർത്തി. കൗണ്ടറിലൂടെ എത്തിയ ബോൾ ബിപിൻ സിങ് ലക്ഷ്യത്തിലേക്ക് ഉതിർപ്പോൾ ഗോൾ കീപ്പർ തടുത്തെങ്കിലും അവസരം കാത്തിരുന്ന പെരേര ഡിയാസ് വല കുലുക്കി. വീണ്ടും മുംബൈക്ക് അവസരങ്ങൾ കിട്ടിയെങ്കിലും ലക്ഷ്യം കാണാൻ ആയില്ല.