ചെന്നൈയുടെ ആരാധകരായ സൂപ്പർ മച്ചാൻസിന് ഇന്ന് സ്വന്തം ഗ്യാലറിയിൽ നിന്ന് തലതാഴ്ത്തി മടങ്ങേണ്ടി വരും. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കണ്ടത് മുംബൈ സിറ്റിയുടെ അത്ര ഗംഭീരമായ കം ബാക്ക് ആയിരുന്നു. ഇന്ന് മറീന അരീനയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിക്ക് എതിരെ രണ്ട് ഗോളുകൾക്ക് ഒരു ഘട്ടത്തിൽ മുന്നിട്ടു നിന്ന ചെന്നൈയിൻ അവസാനം 6-2ന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ആദ്യ 32 മിനുട്ടുകൾക്ക് ശേഷം ചെന്നൈയിൻ തകർന്നടിയുന്നതാണ് ഇന്ന് കണ്ടത്.
ഇന്ന് 19ആം മിനുട്ടിൽ സ്ലിസ്കോവിചിന്റെ ഒരു ഹെഡർ ചെന്നൈയിന് ലീഡ് നൽകി. ഇതിനു ശേഷം 32ആം മിനുട്ടിൽ എൽ ഖയാതിയിലൂടെ ചെന്നൈയിൻ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഈ സമയത്ത് ചെന്നൈയിൻ വിജയത്തിലേക്ക് പോവുക ആണെന്ന് പലരരും വിശ്വസിച്ചു. പക്ഷെ കളി മാറിമറയാൻ അധികം സമയം എടുത്തില്ല.
33ആം മിനുട്ടിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ പാസിൽ നിന്ന് പെരേര ഡിയസിന്റെ സ്ട്രൈക്ക്. സ്കോർ 2-1. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടിയിലൂടെ മുംബൈ സിറ്റി സമനില കണ്ടെത്തി. ഗ്രെഗ് സ്റ്റുവർട്ട് ആണ് പെനാൾട്ടി സ്കോർ ചെയ്തത്.
രണ്ടാം പകുതിയിൽ മുംബൈ സിറ്റി കളി പൂർണ്ണമായും തങ്ങളുടേതാക്കി മാറ്റി. 49ആം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ എത്തിയ വിനീത് റായിയുടെ സ്ട്രൈക്ക്. സ്കോർ 3-2. ആദ്യമായി മുംബൈ സിറ്റി ലീഡിൽ.
അധികം വൈകാതെ 60ആം മിനുറ്റിൽ വിഗ്നേഷിന്റെ വക മുംബൈയുടെ നാലാം ഗോൾ. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ ഷോട്ടിലൂടെ ആയിരുന്നു വിഗ്നേഷിന്റെ ഗോൾ. 65ആം മൊനുട്ടിൽ നൊഗുവേര കൂടെ ഗോളടിച്ചതോടെ എണ്ണം അഞ്ചായി. അവസാനം 91ആം മിനുട്ടിൽ ബിപിൻ സിംഗ് കൂടെ വല കണ്ടെത്തിയതോടെ ചെന്നൈയിന്റെ പരാജയം പൂർത്തിയായി.
ജയത്തോടെ 12 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ രണ്ടാമത് നിൽക്കുന്നു. ചെന്നൈയിൻ 7 പോയിന്റുമായി ആറാമതും നിൽക്കുന്നു.