മലപ്പുറത്തിന്റെ ഫുട്ബോളിന്റെ മേന്മ ഇനി നേപ്പാളും അറിയും. നേപ്പാൾ ദേശീയ ഫുട്ബോൾ ലീഗിലെ ചാമ്പ്യന്മാരായ മനം മർഷ്യാങ്ഡി ക്ലബ് എന്ന എം എം എസി ക്ലബുമായി കരാറിൽ എത്തിയിരിക്കുന്നത് ഒരു മലപ്പുറം സ്വദേശിയാണ്. മലപ്പുറത്തെ യുവ സെന്റർ ബാക്കായ മുഹമ്മദ് ആസിഫ് ആണ് എം എം സിയുമായി കരാറിൽ എത്തിയത്. നേപ്പാളിന്റെ ദേശീയ ടീം ക്യാപ്റ്റൻ അടക്കം ഏഴു ദേശീയ താരങ്ങൾ കളിക്കുന്ന ക്ലബാണ് എം എം സി.
ഈ മാസം അവസാനിച്ച കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കൊൽക്കത്ത കസ്റ്റംസിനായി ആസിഫ് നടത്തിയ പ്രകടനമാണ് താരത്തിന് നേപ്പാൾ പരിശീലകരുടെ ശ്രദ്ധ നേടിക്കൊടുത്തത്. ഈ കഴിഞ്ഞ സീസണിലായിരുന്നു കൊൽക്കത്ത കസ്റ്റംസിൽ ആസിഫ് എത്തിയത്. അതിനു മുമ്പ് മുംബൈ ക്ലബായ ഒ എൻ ജി സിയിലായിരുന്നു ആസിഫ് കളിച്ചിരുന്നത്. അവിടെ ഒ എൻ ജി സിക്ക് ഒപ്പം മുംബൈ എലൈറ്റ് ഡിവിഷൻ കിരീടം ഉയർത്തിയിട്ടുണ്ട് ആസിഫ്. 2017-18 സീസണിൽ മാത്രമല്ല അതിനു മുമ്പ് ഉള്ള സീസണിൽ എയർ ഇന്ത്യയെ മുംബൈയുടെ ചാമ്പ്യന്മാരാക്കുന്നതിലും ആസിഫ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
മലപ്പുറം വേങ്ങര സ്വദേശിയായ ആസിഫ് എം എസ് പിയിലൂടെ ആണ് വളർന്നു വന്നത് 2012ൽ എം എസ് പി സുബ്രതോ കപ്പ് റണ്ണേഴ്സ് ആയപ്പോൾ ആ ടീമിന്റെ ഭാഗമായിരുന്നു ആസിഫ്. പിന്നീട് പൂനെ എഫ് സിയിടെ യുവ ടീമിന്റെ ഭാഗവുമായി ആസിഫ്. പൂനെ എഫ് സിക്ക് ഒപ്പം അണ്ടർ 18 ഐലീഗ് റണ്ണേഴ്സുമായിട്ടുണ്ട്.
21കാരനായ ആസിഫ് കേരളത്തിന്റെ യുവ ടീമുകളെയും മുമ്പ് പ്രതിനിധാനം ചെയ്തിട്ടുണ്ട്. നേപ്പാളിൽ മലപ്പുറത്തിന്റെയും കേരളത്തിന്റെയും ഇന്ത്യയുടെ അഭിമാനം ആസിഫ് ഉയർത്തുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിശ്വസിക്കുന്നത്.