മലപ്പുറം: ജില്ലയിലെ പ്രധാന കാൽപ്പന്ത് കേന്ദ്രങ്ങിൽ ഒന്നായ കല്പകഞ്ചേരിയിൽ നിന്നും കളിച്ചു വളർന്ന് മലപ്പുറം ജില്ലാ സ്കൂൾ ടീമിനു വേണ്ടിയും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയ്ക്കു വേണ്ടിയും വിവിധ ടൂർണ്ണമെന്റുകളിൽ ബൂട്ടണിഞ്ഞ തിരുനാവായ ചേരൂലാൽ അനന്താവൂർ സ്വദേശി വി. മുഹമ്മദ് അമീൻ ഇനി ഐ ലീഗ്, ഐ.എസ്.എൽ, സന്തോഷ് ട്രോഫി തുടങ്ങിയ രാജ്യ പ്രശസ്ത ടൂർണ്ണമെന്റുകൾ ഉൾപ്പെടെ ദേശീയ മത്സരങ്ങൾ നിയന്ത്രിയ്ക്കുന്ന റഫറിമാരുടെ ഗണത്തിലാകും അറിയപ്പെടുക.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട യോഗ്യരും മത്സരങ്ങൾ നിയന്ത്രിച്ച് കഴിവു തെളിയിച്ചവരുമായ അതി വിദഗ്ദ്ധരായ റഫറിമാർക്കിടയിൽ ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) മധ്യപ്രദേശിലെ ഗ്വോളിയാറിലും ഗോവയിയിലുമായി നടത്തിയ ദീർഘ നാളത്തെ റഫറീസ് ക്ലിനിക്കുകളിൽ നിന്നും തിയറി പരീക്ഷകൾ ഉൾപ്പെടെയുള്ള കഠിനമായ ഫിറ്റ്നസ് പ്രാക്ടിക്കൽ ടെസ്റ്റുകളെല്ലാം അതിജീവിച്ചാണ് മുഹമ്മദ് അമീൻ ദേശീയ റഫറീ പട്ടം അണിഞ്ഞിട്ടുള്ളത്.
എടക്കുളം കെ.ഐ.എച്ച്.എസ്.എസ് കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസവും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്നും ഗണിത ശാസ്ത്ര ബിരുദവുമ് തമിഴ്നാട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നുമായി കായിക വിദ്യാഭ്യാസത്തിൽ യഥാക്രമം ബിരുദ ബിരുദാനാന്തര ബിരുദങ്ങൾ പൂർത്തീകരിച്ച ശേഷം, യു.ജി.സി നെറ്റ് യോഗ്യതയും ഫുട്ബോൾ പരിശീലകർക്കുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ എൻ.ഐ.എസ് ഡിപ്ലോമയും ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഡി.ലൈസൻസും കരസ്ഥമാക്കിയിട്ടുള്ള മുഹമ്മദ് അമീൻ, ഇപ്പോൾ തവന്നൂർ കാർഷിക സർവ്വകലാശാലയിലെ കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
ചെറുപ്പം തൊട്ടേ സ്വദേശമായ തിരുനാവായയിലും, തൊട്ടടുത്ത പ്രദേശമയ മലപ്പുറം ജില്ലയിൽ ഫുട്ബോളിന് ഏറെ വേരോട്ടമുള്ള കൽപ്പകഞ്ചേരിയടക്കമുള്ള പരിസര പ്രദേശങ്ങളിലെയും കാൽപ്പന്ത് സ്നേഹികൾക്കും, പഠിച്ച കലാലയങ്ങളിലെ മുഴുവൻ അധ്യാപകർക്കുമ് സഹപാഠികൾക്കും കായികാധ്യാപകനായപ്പോൾ തന്റെ വിദ്യാർത്ഥികൾക്കിടയിലും ഏറെ പ്രീതി നേടിയ ഈ കായികാധ്യാപകനിലൂടെ ഐ.എസ്.എൽ പോലുള്ള ഇന്ത്യയിലെ വലിയ വലിയ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിയ്ക്കുന്ന ഒരു മലയാളിയെക്കൂടി കാണാമല്ലോ എന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് കേരളത്തിലെ കായിക പ്രേമികൾ. പ്രത്യേകിച്ച് കേരളത്തിന്റെ ഫുട്ബോൾ മെക്കയായ മലപ്പുറത്തെ കാൽപ്പന്താരാധകർ.
ചേരൂലാൽ അനന്താവൂരിലെ വള്ളിക്കാടൻ മുഹമ്മദ് അബ്ദുൽ ഖാദർ-സുബൈദ ദമ്പതികളുടെ മകനാണ് മുഹമ്മദ് അമീൻ. ഭാര്യ ഹന്നത്ത്, മകൾ ഐഷ മെഹ്‌വിഷ്. അഷ്‌റഫ്, നൂർജഹാൻ എന്നിവർ സഹോദരങ്ങളുമാണ്.