ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഓയിന്‍ മോര്‍ഗന്‍, കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മികച്ച സ്റ്റാര്‍ട്ടുകള്‍ നേടിയ ബാറ്റ്സ്മാന്മാര്‍ക്ക് അത് വലിയ സ്കോറായി മാറ്റുവാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ മുന്നില്‍ നിന്ന് നയിച്ച് കൊല്‍ക്കത്തയെ 191 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചു. പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ നിര്‍ണ്ണായക പ്രകടനം ആവശ്യമായ മത്സരത്തിലാണ് കൊല്‍ക്കത്തയുടെ നായകന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ഒരു ഘട്ടത്തില്‍ 99/5 എന്ന നിലയിലേക്ക് വീണ ടീമിനെയാണ് മോര്‍ഗന്റെ ഇന്നിംഗ്സ് മികച്ച സ്കോറിലേക്ക് എത്തിച്ചത്.

35 പന്തില്‍ നിന്ന് 6 സിക്സുകളും 5 ഫോറും സഹിതമാണ് ഓയിന്‍ മോര്‍ഗന്റെ 68 റണ്‍സ്. 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയ ടീം മത്സരത്തില്‍ ആകെ 12 സിക്സുകളാണ് നേടിയത്.

Jofraarcher

സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സുള്ളപ്പോള്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ജോഫ്ര നിതീഷ് റാണയെ(0) വീഴ്ത്തി രാജസ്ഥാന് മികച്ച തുടക്കം നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് ശുഭ്മന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കുന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു.

Gilltripathi

9ാം ഓവറില്‍ രാഹുല്‍ തെവാത്തിയയാണ് രാജസ്ഥാന് അനുകൂലമായ ബ്രേക്ക്ത്രൂ നല്‍കിയത്. 24 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് തെവാത്തിയ പുറത്താക്കിയത്. അതേ ഓവറില്‍ തന്നെ സുനില്‍ നരൈനെ പൂജ്യത്തിന് പുറത്താക്കി തെവാത്തിയ ഓവറിലെ രണ്ടാം വിക്കറ്റ് നേടി. 73/1 എന്ന നിലയില്‍‍ കുതിയ്ക്കുകയായിരുന്നു കൊല്‍ക്കത്ത പൊടുന്നനെ 74/3 എന്ന നിലയിലേക്ക് വീണു.

Tewatia

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനൊപ്പം 20 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും ത്രിപാഠിയുടെ വിക്കറ്റും അധികം വൈകാതെ നഷ്ടമായി. 34 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ ത്രിപാഠിയെ ശ്രേയസ്സ് ഗോപാല്‍ ആണ് പുറത്താക്കിയത്. 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് നേടിയത്.

അടുത്ത ഓവറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ദിനേശ് കാര്‍ത്തിക് തെവാത്തിയയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. തന്റെ നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് തെവാത്തിയ 3 വിക്കറ്റ് നേടിയത്. തന്റെ ആദ്യ ഓവറില്‍ 17 റണ്‍സ് വഴങ്ങിയ ശ്രേയസ്സ് ഗോപാലിനെ അടുത്ത ഓവിലും ഓയിന്‍ മോര്‍ഗന്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ രണ്ട് ഫോറും രണ്ട് സിക്സും അടക്കം 21 റണ്‍സ് നേടിയപ്പോള്‍ 121/5 എന്ന നിലയിലേക്ക് 14 ഓവറില്‍ കൊല്‍ക്കത്ത കുതിച്ചു.

റസ്സലും ഒരു വശത്ത് അടിതുടങ്ങിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്ക് കൊല്‍ക്കത്ത നീങ്ങുമെന്ന് തോന്നിപ്പിച്ചു. ജോഫ്രയ്ക്കെതിരെ ഫോറും സിക്സും നേടിയ റസ്സല്‍ കാര്‍ത്തിക് ത്യാഗിയെ തുടരെ രണ്ട് സിക്സുകള്‍ പറത്തി തുടങ്ങിയ റസ്സലിന് പക്ഷേ അടുത്ത പന്തില്‍ വിട വാങ്ങേണ്ടി വന്നു. 11 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ റസ്സല്‍ മൂന്ന് സിക്സുകളും മത്സരത്തില്‍ നേടി.

രാജസ്ഥാന്‍ ബൗളര്‍മാരില്‍ രാഹുല്‍ തെവാത്തിയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ത്തിക് ത്യാഗിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ജോഫ്ര ആര്‍ച്ചറും ശ്രേയസ്സ് ഗോപാലും ഓരോ വിക്കറ്റ് നേടി. ബെന്‍ സ്റ്റോക്സിനും വരുണ്‍ ആരോണിനും ശ്രേയസ്സ് ഗോപാലിനും കണക്കറ്റ് പ്രഹരം ലഭിയ്ക്കുകയും ചെയ്തു.