മുൻ എഫ് സി ഗോവ പരിശീലകൻ ഫെറണ്ടോ തന്റെ പുതിയ ടീമായ മോഹൻ ബഗാനൊപ്പം ചെന്ന് ഗോവയെ തോൽപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോവയെ തോൽപ്പിച്ചത്. രണ്ട് ഗംഭീര ഗോളുകളാണ് മോഹൻ ബഗാനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ 23ആം മിനുറ്റിൽ ലിസ്റ്റൺ കൊളാസോ ആണ് അത്ഭുത ഗോളുമായി മോഹൻ ബഗാന് ലീഡ് നൽകിയത്. ലിസ്റ്റന്റെ ലോങ് റേഞ്ചർ ഒരു ഡിപ്പോടെയാണ് വലയിലേക്ക് വീണത്. ഈ സീസൺ കണ്ട ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. ലിസ്റ്റന്റെ ഈ സീസണിലെ അഞ്ചാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ റോയ് കൃഷ്ണയിലൂടെ മോഹൻ ബഗാൻ രണ്ടാം ഗോൾ നേടി. ഒരു ലോ ഷോട്ട് ഡ്രിൽ ചെയ്ത് കൊണ്ട് കൃഷ്ണ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. മത്സരത്തിന്റെ 81 മിനുട്ടിൽ ഒർടിസിന്റെ ഗോളിൽ ഗോവ കളിയിലേക്ക് തിരികെ വന്നു എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. പരിശീലകൻ ഡെറിക് പെരേരയ്ക്ക് തന്റെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
ജയത്തോടെ 14 പോയിന്റുമായി മോഹൻ ബഗാൻ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഗോവ എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.