ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ രക്ഷയ്ക്കെത്തി സീനിയര്‍ താരങ്ങളായ അസ്ഗര്‍ അഫ്ഗാനും മുഹമ്മദ് നബിയും. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ റഹ്മാനുള്ള ഗുര്‍ബാസിനെ സൈഫുദ്ദീന്‍ എറിഞ്ഞ ആദ്യ പന്തില്‍ നഷ്ടമായ അഫ്ഗാനിസ്ഥാന് അടുത്ത ഓവറില്‍ ഹസ്രത്തുള്ള സാസായിയെയും നഷ്ടമായി. ഷാക്കിബിനായിരുന്നു വിക്കറ്റ്. സൈഫുദ്ദീന്റെ അടുത്ത ഓവറില്‍ നജീബ് താരാകായിയും പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 19/3 എന്ന നിലയിലേക്ക് വീണു.
പിന്നീട് ഷാക്കിബ് നജീബുള്ള സദ്രാനെ പുറത്താക്കിയപ്പോള്‍ 40/4 എന്ന നിലയില്‍ ഒത്തുകൂടിയ സീനിയര്‍ താരങ്ങള്‍ അഫ്ഗാനിസ്ഥാനെ മുന്നോട്ട് നയിച്ചു. 79 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 39 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാനെ പുറത്താക്കിയ സൈഫുദ്ദീന്‍ അതേ ഓവറില്‍ ഗുല്‍ബാദിന്‍ നൈബിനെയും വീഴ്ത്തി തന്റെ നാല് വിക്കറ്റ് നേട്ടം ആഘോഷിച്ചു.
അടുത്ത ഓവറില്‍ സൗമ്യ സര്‍ക്കാരിനെ തുടരെ സിക്സുകളും ബൗണ്ടറിയും പായിച്ച് മുഹമ്മദ് നബി തകര്‍ത്തടിച്ചപ്പോള്‍ ഓവറില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ 22 റണ്‍സാണ് നേടിയത്. 54 പന്തില്‍ നിന്ന് 85 റണ്‍സുമായി മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. 7 സിക്സും 3 ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. 20 ഓവറില്‍ നിന്ന് 164 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.
ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീന്‍ നാലും ഷാക്കിബ് അല്‍ ഹസന്‍ രണ്ടും വിക്കറ്റ് നേടി. സൈഫുദ്ദീന്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെങ്കിലും മുസ്തഫിസുര്‍ റഹ്മാന് വിക്കറ്റൊന്നും ലഭിച്ചില്ല.