ലിവർപൂളിന്റെ പ്രധാന താരമായ മൊ സലായ്ക്ക് വേണ്ടിയുള്ള അൽ ഇത്തിഹാദിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ലിവർപൂൾ താരത്തെ വിൽക്കില്ല എന്ന് ഉറപ്പിച്ചു. അൽ ഇത്തിഹാദ് സമർപ്പിച്ച വലിയ ബിഡ് ലിവർപൂൾ നിരസിച്ചു. സലാ വിൽപ്പനയ്ക്ക് ഇല്ല എന്ന് ലിവർപൂൾ പറഞ്ഞു. 162 മില്യൺ ഡോളർ ആണ് ട്രാൻസ്ഫർ ഫീ ആയിരുന്നു ലിവർപൂളിനു മുന്നിൽ ഇത്തിഹാദ് വെച്ചത്. ഇംഗ്ലീഷ് ക്ലബിനു മുന്നിൽ വരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ ആണിത്.
ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. സലായെ വിറ്റാലും പകരക്കാരനെ കണ്ടെത്താൻ ലിവർപൂളിന് ആകില്ല. ഇതും ക്ലബ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണമായി. 240 മില്യണോളം വേതനം വരുന്ന ഒരു പാക്കേജാണ് സലായ്ക്ക് മുന്നിൽ സൗദി അറേബ്യൻ ക്ലബായ ഇത്തിഹാദ് വെച്ചത്. സലാ ഈ ഓഫറിൽ ആകൃഷ്ടനാണ് എങ്കിലും ലിവർപൂൾ വിടാനായി ക്ലബിനോട് സലാ ആവശ്യപ്പെടാൻ തയ്യാറായിരുന്നില്ല.
ഇതിനകം സൗദി ഓഫറുകൾക്ക് മുന്നിൽ ഹെൻഡേഴ്സണെയും ഫാബിനോയെയും ലിവർപൂളിന് നഷ്ടമായിട്ടുണ്ട്. സലായെ വിൽക്കില്ല എന്ന് ക്ലോപ്പ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.
മൊ സലാ കഴിഞ്ഞ വർഷമായിരുന്നു ലിവർപൂളിൽ ദീർഘകാല കരാർ ഒപ്പുവെച്ചത്. 2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമായിരുന്നു മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് ആയിരുന്നു.