എ ഐ എഫ് എഫിനും റിലയൻസിനും നന്ദി, മിനേർവ പഞ്ചാബ് ക്ലബ് അടച്ചു പൂട്ടുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വാർത്തയാണ് ഇന്ന് വരുന്നത്. കഴിഞ്ഞ വർഷം ഐ ലീഗ് ചാമ്പ്യന്മാരായ ഇന്ത്യൻ ഫുട്ബോളിന് നിരവധി യുവ പ്രതിഭകളെ സംഭാവന ചെയ്ത മിനേർവ പഞ്ചാബ് അടച്ചു പൂട്ടുന്നു. ഇന്ത്യൻ ഫുട്ബോളിലെ അനീതികൾക്ക് എതിരെ പോരാടുന്നതിന് എ ഐ എഫ് എഫ് തങ്ങളെ വേട്ടയാടുന്നു എന്ന കാരണത്താലാണ് മിനേർവ അടച്ചു പൂട്ടുന്നത് എന്ന് മിനേർവ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജ് പറഞ്ഞു.

നേരത്തെ ഐ എസ് എൽ ക്ലബുകൾക്ക് ഒരു നീതി ഐലീഗിന് ഒരു നീതി എന്ന ആരോപണം ഉന്നയിച്ച് എ ഐ എഫ് എഫിനെതിരെ ഐലീഗ് ക്ലബുകൾ സമരം ചെയ്തിരുന്നു. അതിൽ മിനേർവ പഞ്ചാബ് ആയിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. ഇത് കൂടാതെയും പല തവണ എ ഐ എഫ് എഫിന്റെ അഴിമതികൾക്ക് എതിരെയും തെറ്റായ നടപടികൾക്ക് എതിരെയും രഞ്ജിത്ത് ബജാജ് നിലപാട് എടുത്തിരുന്നു. ഇപ്പോൾ അതിന്റെ പേരിൽ എ ഐ എഫ് എഫ് മിനേർവയെ വേട്ടയാടുകയാണ് എന്നാണ് ബജാജ് പറയുന്നത്.

എ എഫ് സി കപ്പിൽ മിനേർബ പഞ്ചാബ് ഹോം ഗ്രൗണ്ടായി തീരുമാനിച്ചിരുന്നത് ഒഡീഷയിലെ ഗ്രൗണ്ടായിരുന്നു. അതിന് അനുമതി ലഭിച്ചതുമായിരുന്നു. എന്നാൽ ആ അനുമതി ഇപ്പോൾ ഒഡീഷ ഗവൺമെന്റ് നിഷേധിച്ചു. ഒപ്പം ഇനി അനുമതി തരേണ്ടത് എ ഐ എഫ് എഫ് ആണെന്ന് പറയുകയും ചെയ്തു. എ ഐ എഫ് എഫ് ഇടപെട്ടാണ് ഹോം ഗ്രൗണ്ട് ഇല്ലാതെ ആക്കിയത് എന്നാണ് മിനേർവ പറയുന്നത്. ഗ്രൗണ്ട് ശരിയായില്ല എങ്കിൽ മിനേർവയെ എ എഫ് സി കപ്പിൽ നിന്ന് വിലക്കും. ഇത് ക്ലബിനെ വൻ പ്രതിസന്ധിയിൽ എത്തിക്കും.

ഈ കാരണമാണ് ഇപ്പോൾ ക്ലബ് പൂട്ടാൻ മിനേർവയെ നിർബന്ധിതരാക്കിയിരിക്കുന്നത്. ഐ ലീഗിന് പുറമെ അണ്ടർ 14, അണ്ടർ 15, അണ്ടർ 18 ലീഗ് കിരീടങ്ങളും സ്വന്തമാക്കിയ ടീമാണ് മിനേർവ പഞ്ചാബ്. എ ഐ എഫ് എഫ് പൂട്ടിച്ച ഒരുപാട് ക്ലബുകളിൽ ഒന്നായി തങ്ങളും മാറുകയാണെന്ന് രഞ്ജിത്ത് പറഞ്ഞു. എന്നാൽ ക്ലബ് പൂട്ടില്ല എന്നും ഇതിനൊരു പരിഹാരം ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ സ്നേഹികൾ.