ലോകകപ്പില്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യില്‍ മില്ലര്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കായി കീപ്പിംഗ് ചെയ്തത്. അതേ സമയം മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നപ്പോള്‍ സ്ഥിരം കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് തന്നെ കീപ്പറുമായി. ലോകകപ്പിലേക്ക് ദക്ഷിണാഫ്രിക്ക തങ്ങളുടെ പ്രധാന കീപ്പറായി ക്വിന്റണ്‍ ഡികോക്കിനെ തന്നെ പരിഗണിക്കുമെങ്കിലും മില്ലറര്‍ക്ക് ആവും ബാക്കപ്പ് കീപ്പറെന്ന ദൗത്യം ലഭിയ്ക്കുക.
ശ്രീലങ്കയുടെ ടോപ് സ്കോറര്‍ കമിന്‍ഡു മെന്‍ഡിസിനെ സ്റ്റംപ് ചെയ്ത് തന്റെ ആദ്യത്തെ സ്റ്റംപിംഗും മില്ലര്‍ മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. കൈവിരലിനേറ്റ പരിക്കാണ് ഡി കോക്കിനു കീപ്പിംഗ് ദൗത്യത്തില്‍ നിന്ന് വിശ്രമം നല്‍കുവാന്‍ ദക്ഷിണാഫ്രിക്കയെ പ്രേരിപ്പിച്ചത്. ഏകദിന പരമ്പരയ്ക്കിടയിലും ചില മത്സരങ്ങളില്‍ അല്പ നേരം കീപ്പിംഗ് ദൗത്യം മില്ലര്‍ ഏറ്റെടുത്തുവെങ്കിലും ടി20 മത്സരത്തിലാണ് താരം പൂര്‍ണ്ണമായി ഒരു ഇന്നിംഗ്സില്‍ കീപ്പിംഗ് ചുമതല വഹിച്ചത്.
തന്നെ തേടിയെത്തിയിരിക്കുന്നത് പുതിയ ആവേശകരമായ ദൗത്യമാണെന്നും താന്‍ ഇതിനു മുമ്പ് കീപ്പിംഗ് ദൗത്യം ഏറ്റെടുത്തിട്ടുണ്ടെങ്കിലും അത് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ആയിരുന്നില്ലെന്ന് മില്ലര്‍ അഭിപ്രായപ്പെട്ടു. താന്‍ പുതിയ റോളില്‍ സംതൃപ്തനാണെന്നും ദക്ഷിണാഫ്രിക്കന്‍ താരം അറിയിച്ചു.