ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. സ്പെയിനിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ ഏജെന്റ്സും പിതാവുമായും ഉള്ള ചർച്ചകളിൽ നിന്നും രണ്ട് വർഷം കൂടി ക്യാമ്പ് നൂവിൽ ലയണൽ മെസ്സി തുടരുമെന്നാണ് ബാഴ്സലോണ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. അഗ്വൂറോ, വൈനാൾഡം എന്നീ താരങ്ങളുടെ സൈനിംഗുകളും കരാർ പുതുക്കാൻ മെസ്സിയെ പ്രേരിപ്പിച്ചു.
പുതിയ ബാഴ്സലോണ പ്രൊജക്റ്റിനെ മെസ്സിയും ഏജന്റ്സും സ്വാഗതം ചെയ്തിട്ടുണ്ട്. ബാഴ്സലോണയിലെ അഴിച്ച് പണിയിലും പുതിയ താരങ്ങളുടെ സൈനിംഗുകളും തന്നെയാണ് സൂപ്പർ താരത്തിന്റെ മനസ് മാറ്റിയത്. കഴിഞ്ഞ സീസണിൽ മുൻ പ്രസിഡന്റ് ബെർതമോവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്ലബ്ബ് വിടാൻ മെസ്സി തീരുമാനിച്ചിരുന്നു. എന്നാൽ ലപോർട്ടയുടെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്റ് താരത്തെ പിടിച്ച് നിർത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. സിറ്റി സെന്റർ ബാക്ക് എറിക് ഗാർസിയയുടെ പ്രസന്റേഷന് ശേഷം മെസ്സിയുമായുള്ള ചർച്ചകൾ പോസിറ്റീവ് ആയി പുരോഗമിക്കുന്നു എന്നാണ് ലപോർട്ട പറഞ്ഞത്.