ഒന്നര പതിറ്റാണ്ടോളം ലോക ഫുട്ബോളിനെ ഇരു ദ്രുവങ്ങളിൽ നിർത്തിയ ലയണൽ മെസ്സിയും റൊണാൾഡോയും ഒരു പക്ഷെ അവസാനമായി ഏറ്റു മുട്ടിയ മത്സരത്തിൽ പിഎസ്ജിക്ക് വിജയം. കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ-നാസർ, അൽ-ഹിലാൽ ടീമുകളുടെ താരങ്ങൾ അണിനിരന്ന റിയാദ് സീസൺ ടീമുമായാണ് പിഎസ്ജി സൗഹൃദ മത്സരത്തിൽ ഏറ്റു മുട്ടിയത്. മത്സരത്തിൽ അഞ്ചിനെതിരെ നാല് ഗോളുകൾക്ക് പിഎസ്ജി വിജയിച്ചു. മത്സരത്തിന് മുന്നോടിയായി താരങ്ങളെ അഭിവാദ്യം ചെയ്യാൻ അമിതാഭ് ബച്ചൻ എത്തിയത് കാണികൾക്ക് ആശ്ചര്യമായി. അർജന്റീനൻ കോച്ച് ഗയ്യാർഡോ ആയിരുന്നു റിയാദ് ടീമിനെ പരിശീലിപ്പിച്ചിരുന്നത്.
എന്നും ആവേശം സൃഷ്ടിച്ചിട്ടുള്ള റൊണാൾഡോ മെസ്സി പോരാട്ടങ്ങളെ പോലെ തന്നെ ഇരുവരുടെയും ഗോളുകൾ തന്നെ ആയിരുന്നു മത്സരത്തിലെ പ്രത്യേകത. മൂന്നാം മിനിറ്റിൽ തന്നെ ലയണൽ മെസ്സിയാണ് ഗോളടിക്ക് തുടക്കമിട്ടത്. ഇടത് വിങ്ങിൽ നിന്നും നെയ്മർ ചിപ്പ് ചെയ്തിട്ട ബോളിൽ മെസ്സി അനായാസം കീപ്പറേ മറികടന്നു. പിന്നീട് റൊണാൾഡോ ഒറ്റക്ക് മുന്നേറി തൊടുത്ത ഷോട്ട് കെയ്‌ലർ നവാസിന്റെ കൈകളിൽ അവസാനിച്ചു. മുപ്പതിനാലാം മിനിറ്റിൽ റൊണാൾഡോയുടെ ഗോൾ എത്തി. ഫ്രീകിക്കിൽ ഹെഡ് ഉതിർക്കാനുള്ള റൊണാൾഡോയെ തടയാനുള്ള കെയ്‌ലർ നവാസിന്റെ ശ്രമം ഫൗളിൽ കലാശിക്കുകയായിരുന്നു. പെനാൽറ്റി എടുത്ത റൊണാൾഡോക്ക് പിഴച്ചില്ല. നാല്പത്തിമൂന്നാം മിനിറ്റിൽ എമ്പാപ്പയുടെ അസിസ്റ്റിൽ മർക്വിന്നോസ് വീണ്ടും പിഎസ്ജിക്ക് ലീഡ് നൽകി. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിൽ നെയ്മർ ഷോട്ട് കീപ്പർ തടുത്തു. ഇടവേളക്ക് പിരിയുന്നതിന് തൊട്ടു മുൻപ് റൊണാൾഡോയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് താരം വലയിലേക്ക് തന്നെ എത്തിക്കുന്നതിൽ വിജയിച്ചു. ഇതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ റാമോസിന്റെ ഗോളിൽ പിഎസ്ജി മുന്നിലെത്തി. എന്നാൽ കോർണറിൽ നിന്നും മികച്ചൊരു ഹെഡർ ഉതിർത്ത് പ്രതിരോധ താരം ജാങ് വീണ്ടും സ്‌കോർ തുല്യ നിലയിൽ ആക്കി. അറുപതാം മിനിറ്റിൽ എമ്പാപ്പെയുടെ പെനാൽറ്റി ഗോളിൽ പിഎസ്ജി നാലാം ഗോൾ കുറിച്ചു. ശേഷം റൊണാൾഡോ, മെസ്സി, എമ്പാപ്പെ നെയ്മർ എന്നിവർ ബെഞ്ചിലേക്ക് മടങ്ങി. ശേഷം ഏകിറ്റികെ പിഎസ്ജിക്ക് വേണ്ടിയും ടളിസ്ക ഇഞ്ചുറി ടൈമിൽ റിയാദ് ഇലവന് വേണ്ടിയും ലക്ഷ്യം കണ്ടു.