മെസ്സി മാജിക്ക് ഇന്നുമില്ല, പി എസ് ജിക്ക് അവസാന നിമിഷം വിജയം, സബ്ബ് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും പി എസ് ജിക്ക് കടലാസിൽ ഉള്ള അത്ര മികവ് കളത്തിൽ കാണിക്കാൻ ആകുന്നില്ല. ഇന്ന് ഫ്രഞ്ച് ലീഗിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ലിയോണെ നേരിടാൻ ഇറങ്ങിയ പി എസ് ജിക്ക് നന്നായി വിയർക്കേണ്ടി വന്നു. മെസ്സി, ഡി മറിയ, എമ്പപ്പെ എന്നിവർ ഒരേ സമയം കളത്തിൽ ഇറങ്ങിയിട്ടും ഇന്ന് പി എസ് ജിക്ക് വിജയിക്കാൻ ഇഞ്ച്വറി ടൈമിൽ ഇക്കാർഡി ഗോൾ വേണ്ടി വന്നു. 2-1നാണ് ലിയോണെ വിജയിച്ചത്.

ലയണൽ മെസ്സി 79 മിനുട്ടിലധികം കളിച്ചിട്ടും അദ്ദേഹത്തിന് കാര്യമായി തിളങ്ങാൻ ആയില്ല. മെസ്സിക്ക് കിട്ടിയ ഒരു സുവർണ്ണാവസരം ലക്ഷ്യത്തിലും എത്തിയില്ല. മെസ്സി തന്നെ സബ്സ്റ്റിട്യൂട്ട് ചെയ്ത തീരുമാനത്തിൽ നിരാശനുമായിരുന്നു. ഇന്ന് 54ആം മിനുട്ടിൽ പക്വേറ്റയിലൂടെ ലിയോൺ ആണ് ലീഡ് നേടിയത്. ഇതിന് മറുപടി നൽകാൻ ഒരു പെനാൾട്ടി വേണ്ടി വന്നു. നെയ്മറ് തന്നെ ആയിരുന്നു പെനാൾട്ടി എടുത്തത്‌‌.

അവസരങ്ങൾ സൃഷ്ടിക്കാൻ ആവാത്തതോടെയാണ് മെസ്സിയെ പൊചടീനോ പിൻവലിച്ചത്. പിന്നാലെ ഇക്കാർഡി എത്തി. അവസാന നിമിഷം എമ്പപ്പെയുടെ ക്രോസിൽ നിന്നായിരുന്നു ഇക്കാർഡിയുടെ ഗോൾ. പി എസ് ജിയുടെ ലീഗിലെ തുടർച്ചയായ ആറാം വിജയമാണിത്. പി എസ് ജി തന്നെയാണ് ലീഗിൽ ഒന്നാമത്. ലിയോൺ 9 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.