ലയണൽ മെസ്സി ആട്ടം! എം.എൽ.എസിലെ സർവ്വകാല റെക്കോർഡ് തകർത്തു ഇന്റർ മയാമി

Wasim Akram

ഒരു മേജർ ലീഗ് റെഗുലർ സീസണിലെ പോയിന്റ് നേട്ടത്തിൽ സർവ്വകാല റെക്കോർഡ് തകർത്തു ഇന്റർ മയാമി. ഇന്ന് ന്യൂ ഇംഗ്ലണ്ട് റെവലൂഷനെ 6-2 എന്ന സ്കോറിന് തകർത്ത ഇന്റർ മയാമി 34 മത്സരങ്ങൾ ഉള്ള സീസണിൽ 74 പോയിന്റുകൾ ആണ് നേടിയത്. 2021 ൽ ന്യൂ ഇംഗ്ലണ്ട് ടീം നേടിയ 73 പോയിന്റുകൾ എന്ന റെക്കോർഡ് ആണ് ഇതോടെ പഴയ കഥ ആയത്. 34 മത്സരങ്ങളിൽ 22 ജയവും ഇന്റർ മയാമി കുറിച്ചു. സീസണിൽ 40 ഗോളുകളും 25 അസിസ്റ്റുകളും സ്വന്തമാക്കിയ ലയണൽ മെസ്സി, ലൂയിസ് സുവാരസ് സഖ്യം ആണ് മയാമിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചത്.

ലയണൽ മെസ്സി
ലയണൽ മെസ്സി

മത്സരത്തിൽ 34 മിനിറ്റിനു ഇടയിൽ 2 ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ഇന്റർ മയാമി ജയം കണ്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇരട്ടഗോളുകൾ നേടിയ ലൂയിസ് സുവാരസ് മയാമിയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ ലയണൽ മെസ്സി പകരക്കാരനായി എത്തിയതോടെ മയാമി സമ്പൂർണ ആധിപത്യം കളിയിൽ നേടി. ക്രമാഷിയിലൂടെ മുൻതൂക്കം നേടിയ മയാമിക്ക് ആയി 78, 81, 89 മിനിറ്റുകളിൽ മെസ്സി ഹാട്രിക് നേടി. മെസ്സിയുടെ 2 ഗോളുകൾക്ക് സുവാരസ് ആണ് അസിസ്റ്റ് നൽകിയത്, അതേസമയം ഒരു ഗോളിന് ജോർഡി ആൽബയും വഴി ഒരുക്കി. പ്ലെ ഓഫ്‌ കളിച്ചു വരുന്ന ടീമിനെ ആവും 3 മത്സരങ്ങൾ ഉള്ള പ്ലെ ഓഫ് നോക്ക് ഔട്ട് സീരീസിൽ മയാമി ഇനി നേരിടുക.