കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം ബാഴ്സലോണ സൂപ്പർ സ്റ്റാർ മെസ്സി സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ, വിർജിൽ വാൻ ഡൈക് എന്നിവരെ പിന്തള്ളിയാണ് മെസ്സി ഫിഫാ ബെസ്റ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണക്ക് വേണ്ടി നടത്തിയ ഗംഭീര പ്രകടനമാണ് മെസ്സിയെ ഈ അവാർഡിന് അർഹനാക്കിയത്.
മെസ്സിയുടെ കരിയറിലെ ആദ്യ ഫിഫാ ബെസ്റ്റ് പുരസ്കാരമാണിത്. എന്നാൽ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ഇതിനു മുമ്പ് അഞ്ചു തവണ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. പലരും വാൻ ഡൈക് ഫിഫ ബെസ്റ്റ് വിജയിക്കും എന്നാണ് കരുതിയത് എങ്കിലും മിലാനിൽ മെസ്സി ജേതാവാകുകയായിരുന്നു. കഴിഞ്ഞ സീസണിൽ ലാലിഗയിലെ മാത്രമല്ല യൂറോപ്പിലെ തന്നെ ടോപ്പ് സ്കോറർ ആയിരുന്നു മെസ്സി. ലാലിഗയും മെസ്സി സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗിലെയും ടോപ്പ് സ്കോറർ ആയിരുന്നു മെസ്സി.
കഴിഞ്ഞ സീസണിൽ ലിവർപൂൾ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിൽ വലിയ പങ്ക് വഹിച്ച താരമാണെങ്കിലും വാൻ ഡൈകിന് ഇന്ന് നിരാശയോടെ മടങ്ങേണ്ടി വന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ചടങ്ങിനു തന്നെ വന്നിരുന്നില്ല.