ചാമ്പ്യൻസ് ലീഗിൽ ഇന്ന് വെംബ്ലിയിൽ നടന്ന പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് അർഹിച്ചത് വിജയം. ടോട്ടൻഹാമിനെ അവരുടെ ഹോം ഗ്രൗണ്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സലോണ പരാജയപ്പെടുത്തിയത്. സ്കോർ ബോർഡിൽ 4-2 എന്നാണെങ്കിലും കളിയിൽ ബാഴ്സലോണയുടെ സമ്പൂർണ്ണ ആധിപത്യമായിരുന്നു ഇന്ന് കണ്ടത്.
കളി തുടങ്ങി 90 സെക്കൻഡുകൾക്ക് അകം തന്നെ ബാഴ്സലോണ കൗട്ടെനോയിലൂടെ ലീഡ് എടുത്തു. മെസ്സിയും ആൽബയും കൂടി ചേർന്ന് നടത്തിയ ഒരു നീക്കം ലോരിസിന്റെ ഗോൾവലയ്ക്ക് മുന്നിലുള്ള സ്ഥാനം തെറ്റിച്ചപ്പോൾ വലയിലേക്ക് പന്ത് കയറ്റേണ്ട പണിയെ കൗട്ടീനോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. 28ആം മിനുട്ടിൽ ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി. ഇത്തവണ റാകിറ്റിച്ചിന്റെ ഒരു വേൾഡ്ക്ലാസ് വോളി ആയിരുന്നു ഗോളായി മാറിയത്.
രണ്ടാം പകുതിയിലും ബാഴ്സലോണ തന്നെയാണ് നന്നായി തുടങ്ങിയത്. മെസ്സി തുടക്കത്തിൽ തന്നെ രണ്ട് തവണ ഗോളിന് അടുത്ത് എത്തിയെങ്കിലും രണ്ട് തവണയും പോസ്റ്റ് വില്ലനായി. കളിയുടെ ഗതിക്ക് വിപരീതമായി 52ആം മിനുട്ടിൽ കെയ്നിലൂടെ ടോട്ടൻഹാം ഒരു ഗോൾ മടക്കി. 2-1 പക്ഷെ നാലു മിനുട്ടുകൾക്കകം മെസ്സി ഒരു ഗോൾ കൂടെ നേടി രണ്ട് ഗോളിന്റെ ലീഡ് പുനസ്ഥാപിച്ചു. 3-1
66ആം മിനുട്ടിൽ വീണ്ടും ടോട്ടൻഹാം കളിയിലേക്ക് തിരിച്ചുവന്നു. ലമേലയുടെ ഗോളായിരുന്നു ബാഴ്സക്ക് വീണ്ടും തലവേദ ആയത്. ബോക്സിന് പുറത്ത് നിന്നുള്ള ലമേലയുടെ സ്ട്രൈക്ക് ഡിഫ്ലക്റ്റ് ആയാണ് ബാഴ്സലോണ വലയിൽ വീണത്. 3-2. ഒരു സമനിക എങ്കിലും ഒപ്പിച്ച് എടുക്കാൻ ടോട്ടൻഹാം നോക്കുന്നതിടെ തന്റെ രണ്ടാം ഗോളിലൂടെ മെസ്സി കളിയും മൂന്ന് പോയന്റും ബാഴ്സയ്ക്ക് ഉറപ്പിച്ച് കൊടുത്തു. 4-2