പെനാൾട്ടി തുലച്ച് മെസ്സി, ബാഴ്സലോണ പുറത്ത്, പി എസ് ജി ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2017ലെ എന്ന പോലെ അത്ഭുതങ്ങൾ ഒന്നും നടത്താൻ ബാഴ്സലോണക്ക് ഇന്ന് ആയില്ല. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ പി എസ് ജിക്ക് എതിരെ സമനില വഴങ്ങിയതോടെ ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ അവസാനിച്ചു. ഇന്ന് 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. അഗ്രിഗേറ്റിൽ 5-2 എന്ന സ്കോറിന് വിജയിച്ച് പി എസ് ജി ക്വാർട്ടറിലേക്ക് മുന്നേറി.

ഇന്ന് വളരെ കരുതലോടെയാണ് പി എസ് കളിച്ചത്. പി എസ് ജി ഡിഫൻസിൽ ഊന്നി കളിച്ചത് കൊണ്ട് തന്നെ ബാഴ്സലോണയാണ് മത്സരത്തിൽ പന്ത് അധികം കയ്യിൽ വെച്ചത്. അവസരങ്ങൾ ഏറെ സൃഷ്ടിക്കാനും അവർക്കായി. എന്നാൽ അവസരങ്ങൾ അവർ മുതലെടുത്തില്ല. ഡെംബലയ്ക്ക് ആയിരുന്നു കൂടുതൽ അവസരം കിട്ടിയത്. എന്നാൽ നവസ് എപ്പോഴും ഗോൾ മുഖത്ത് ബാഴ്സയെ തടഞ്ഞു ഉണ്ടായുരുന്നു.

ആക്രമിച്ചത് ബാഴ്സലോണ ആണെങ്കിലും ആദ്യ ഗോൾ വന്നത് പി എസ് ജിയിൽ നിന്നായിരുന്നു. 31ആം മിനുട്ടിൽ ഇക്കാർഡിയെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി. ആ കിക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ എമ്പപ്പെയ്ക്ക് ആയി. ഇതോടെ തന്നെ ബാഴ്സലോണ പുറത്ത് പോകും എന്ന് ഉറപ്പായുരുന്നു. എങ്കിലും ബാഴ്സലോണ പൊരുതി. 37ആം മിനുട്ടിൽ ഒരു ലോകോത്തര സ്ട്രൈക്കറിലൂടെ മെസ്സി ബാഴ്സയെ ഒപ്പം എത്തിച്ചു. ഇതിനു പിന്നാലെ ലീഡ് എടുക്കാനും ബാഴ്സക്ക് അവസരം കിട്ടി. പക്ഷെ ആ കിക്ക് എടുത്ത മെസ്സിക്ക് പിഴച്ചു. നെവസ് കിക്ക് സേവ് ചെയ്തു.

ആ പെനാൾട്ടി നഷ്ടമായതോടെ ബാഴ്സലോണയുടെ പോരാട്ട വീര്യവും ഇല്ലാതായി. രണ്ടാം പകുതിയിൽ വിരസമായ പോരാട്ടമായി കളി മാറി. അവസാനം ഫൈനൽ വിസിൽ വന്നപ്പോൾ മെസ്സിയും സംഘവും നിരാശയോടെ മടങ്ങി.