ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ബാർതൊമയു അറസ്റ്റിലായി. കാറ്റലൻ പോലീസ് ഇന്ന് അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാഴ്സ ഗേറ്റ് വിവാദത്തിലാണ് പോലീസ് ഇപ്പോൾ അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്. ബാഴ്സലോണ പ്രസിഡന്റ് ആയിരിക്കെ ഒരു പ്രൈവറ്റ് പി ആർ കമ്പനിയെ നിയമിച്ച് ബാർതൊമയു നടത്തിയ തെറ്റായ നടപടികൾ ആണ് അറസ്റ്റിൽ എത്തിയിരിക്കുന്നത്.
തന്റെയും തന്റെ ബോർഡിന്റെയും പ്രീതി വർധിപ്പിക്കുകയും അതിനൊപ്പം ബാഴ്സലോണയുടെ പ്രധാന താരങ്ങളായ മെസ്സിക്ക് എതിരെയും പിക്വെക്ക് എതിരെയും സാമൂഹിക മാധ്യമങ്ങൾ വഴി മോശം വാർത്തകൾ പ്രചരിപ്പിച്ച് അവരുടെ ജനപ്രീതി കുറക്കുകയുമായിരുന്നു ബാർതൊമയുടെ ശ്രമം. അദ്ദേഹത്തെ അടുത്തിടെ ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ബാർതൊമയു മാത്രമല്ല അദ്ദേഹത്തിന്റെ സി ഇ ഒ ആയ ഓസ്കാർ ഗ്രാവു, ലീഗൽ ഡയറക്ടർ റോമൻ ഗോമസ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.