ഈ സീസണിലെ അവസാന ഭാഗം മെസ്സി തീരെ ഇഷ്ടപ്പെടുന്നുണ്ടാകില്ല. സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അവസാനം കിരീടം എന്ന് പറയാൻ വെറും ഒരു ലാലിഗ മാത്രമായി പോയിരിക്കുകയാണ് മെസ്സിക്ക്. ഇന്ന് കോപ അമേരിക്കയിൽ നിന്ന് കൂടെ പുറത്തായതോടെ മെസ്സിക്ക് ഇത്തവണ ബാലൻ ഡി ഓർ ലഭിക്കാനുള്ള സാധ്യത മങ്ങി. വ്യക്തിഗത മികവിൽ മെസ്സിക്ക് പകരം വെക്കാനാകുന്നവർ ഇത്തവണ കുറവായിരുന്നു എങ്കിലും കിരീടങ്ങൾ നേടാത്തതാണ് മെസ്സിക്ക് തിരിച്ചടി ആകുന്നത്.
ചാമ്പ്യൻസ് ലീഗ് സെമിയിലും, കോപ ഡെൽ റേ ഫൈനലിലും കിരീടം നേടാതെ മടങ്ങിയത് നേരത്തെ തന്നെ മെസ്സിയുടെ സാധ്യതകൾ കുറച്ചിരുന്നു. കോപ നേടും എന്നതായിരുന്നു മെസ്സി ആരാധകരുടെ പ്രതീക്ഷ. പക്ഷെ അതും നടന്നില്ല. കഴിഞ്ഞ സീസണിൽ ലോക ഫുട്ബോളർ പുരസ്കാരത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു ലയണൽ മെസ്സി എത്തിയത്. ഇത്തവണ ആറാം ബാലൻ ഡി ഓർ നേടി റൊണാൾഡോയെ മറികടക്കുക ആയിരുന്നു മെസ്സിയുടെ ലക്ഷ്യം.
നാഷൺസ് ലീഗ് കിരീടവും സീരി എ കിരീടവും ഉണ്ട് എങ്കിലും റൊണാൾഡോ ഇത്തവണ ബാലൻ ഡി ഓർ സാധ്യതയിൽ വളരെ വിദൂരത്താണ്. ലിവർപൂളിന്റെ വാൻ ഡൈക്, സിറ്റിയുടെ ബെർണാഡോ സിൽവ, സ്റ്റെർലിംഗ് തുടങ്ങിയവർക്കൊക്കെ ഇപ്പോൾ ബാലൻ ഡി ഓറിൽ പ്രതീക്ഷ ഉണ്ട് എങ്കിലും അവരെ ഒക്കെ മറികടന്ന് മുന്നിലേക്ക് വരുന്നത് അലിസണാണ്.
കോപ അമേരിക്കയിൽ കിരീടം നേടുകയാണെങ്കിൽ അലിസണ് ബാലൻ ഡി ഓർ നേടാൻ വലിയ സാധ്യത തന്നെ ഉണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവ് നേടിയ അലിസൺ ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിരുന്നു. കോപയിൽ ആണെങ്കിലും ഇതുവരെ ഒരു ഗോൾ പോലും അലിസൺ വഴങ്ങിയിട്ടില്ല. ഫൈനലിലും ഗോൾ വഴങ്ങാതെ ഇരുന്നാൽ കോപയിൽ ഗോൾവഴങ്ങാതെ കിരീടം നേടുന്ന ആദ്യ ഗോൾ കീപ്പറായി അലിസണ് മാറാം. അവസാന 9 മത്സരങ്ങളിൽ അലിസണ് ഗോൾ വഴങ്ങിയിട്ടില്ല. അലിസന്റെ ഈ മികവ് താരത്തിനെ ബാലൻ ഡി ഓറിൽ മുന്നിലേക്ക് തന്നെ കൊണ്ടു വരികയാണ്.