കഴിഞ്ഞ സീസണിൽ ലോക ഫുട്ബോളർ പുരസ്കാരത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു ലയണൽ മെസ്സിയുടെ സ്ഥാനം. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ ലിസ്റ്റിൽ അഞ്ചാമത്. മെസ്സിയെ വിമർശകർ പരിഹസിച്ചപ്പോൾ മെസ്സി താൻ ആരാണെന്ന് ഒന്നു കൂടെ ലോകത്തെ ഓർമ്മിപ്പിക്കാൻ ഉള്ള അവസരമായി ഈ അർഹിക്കാത്ത പതനത്തെ കണ്ടു. ഈ സീസണിൽ എല്ലാ മേഖലയിലും മെസ്സി പകരം വെക്കാനില്ലാത്ത താരമായി മാറി.
കഴിഞ്ഞ സീസണിൽ ലോക ഫുട്ബോളറാകാൻ മുന്നിൽ ഉണ്ടായിരുന്ന മോഡ്രിചും റൊണാൾഡോയും എല്ലാം ഈ സീസണിൽ പതിവ് മികവിൽ നിന്ന് ഒരുപാട് പിറകിൽ പോയപ്പോൾ മെസ്സി പതിവ് മികവിനും മുകളിലേക്ക് ആണ് വന്നത്. ഈ സീസൺ തുടക്കം മുതൽ ബാഴ്സലോണയെ ഒറ്റയ്ക്ക് തോളിലേറ്റിയ മെസ്സി ഗോളുകളും അസിസ്റ്റുകളും വാരിക്കൂട്ടി.
ലാലിഗയിൽ മാത്രമല്ല യൂറോപ്പിൽ പ്രധാന അഞ്ചു ലീഗുകളിലെയും ടോപ്പ് സ്കോറർ ആയി മെസ്സി മാറി. പിചിചി അവാർഡ് ഏകദേശം ഉറപ്പിക്കുകയും ചെയ്തു. അസിസ്റ്റിലും ലാലിഗയിൽ മെസ്സി തന്നെ മുന്നിൽ. ലാലിഗ കിരീടവും മെസ്സി തന്നെ ബാഴ്സലോണക്ക് വാങ്ങിക്കൊടുത്തു. ചാമ്പ്യൻസ് ലീഗിൽ ആകട്ടെ 12 ഗോളുകളും മൂന്ന് അസിസ്റ്റുമായി പകരം വെക്കാനില്ലാത്ത പ്രകടനം.
ക്വാർട്ടറിൽ മാഞ്ചസ്റ്ററിനെയും ഇന്നലെ സെമിയിൽ ലിവർപൂളിനെയും ഒക്കെ തകർത്ത് തരിപ്പണമാക്കിയത് മെസ്സി തന്നെ. ഈ പ്രകടനമൊക്കെ മെസ്സിയെ ആറാം ബാലൻ ഡി ഓറിലേക്കാണ് അടുപ്പിക്കുന്നത്. ഈ സീസണിൽ മെസ്സിക്ക് ഒപ്പം ആരെങ്കികും ബാലൻ ഡി ഓറിന് മത്സരിക്കാൻ വരെ ഉണ്ടായേക്കില്ല. കോപ അമേരിക്ക് കൂടെ വരാൻ ഉണ്ട് എന്നതു കൊണ്ട് തന്റെ തിളക്കം ഇനിയും വർധിപ്പിക്കാനും മെസ്സിക്ക് അവസരമുണ്ട്. ആറാമതും ബാലൻ ഡി ഓർ നേടിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ച് ബാലൻ ഡി ഓർ എന്ന നേട്ടത്തെ മെസ്സിക്ക് പിറകിലാക്കുകയും ചെയ്യാം.