കോപ അമേരിക്കയിൽ അർജന്റീന സമനില കൊണ്ട് തുടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചിലിയെ നേരിട്ട അർജന്റീന 1-1ന്റെ സമനില ആണ് വഴങ്ങിയത്. ലയണൽ മെസ്സിയുടെ ലോകോത്തര നിലവാരമുള്ള ഫ്രീകിക്ക് പിറന്ന മത്സരത്തിൽ ഗോൾ മുഖത്ത് അവസരങ്ങൾ നഷ്ടപ്പെടുത്തിയതാണ് അർജന്റീനക്ക് വിനയായത്. ചിലി ആകട്ടെ അവർക്ക് കിട്ടിയ ഏക അവസരം മുതലെടുത്ത് സമനില നേടടി എന്ന് പറയാം.
ഇന്ന് ലൗട്ടാരോ മാർട്ടിനെസിനെയും മെസ്സിയെയും അറ്റാക്കിൽ ഇറക്കി കളി തുടങ്ങിയ സ്കലോണിയുടെ അർജന്റീനയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. നിരവധി അവസരങ്ങൾ തുടക്കത്തിൽ തന്നെ അർജന്റീന സൃഷ്ടിച്ചു. ലൗട്ടാരോ മാർട്ടിനെസും നികോളോ ഗോൺസാലസും അവസരങ്ങൾ നഷ്ടപ്പെടുത്തിയത് അർജന്റീനയുടെ ആദ്യ ഗോൾ അകറ്റി. അവസാനം 33ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് എടുത്ത മെസ്സി വേണ്ടി വന്നു ലീഡ് നേടിക്കൊടുക്കാൻ.
ഫ്രീകിക്ക് ലഭിച്ചപ്പോൾ തന്നെ അർജന്റീന ആരാധകർക്ക് ഇതാണ് ആ നിമിഷം എന്ന തോന്നൽ ഉണ്ടായിരുന്നു. മെസ്സിയുടെ ഫ്രീകിക്ക് ഗോൾ വലയുടെ വലതു കോർണറിൽ തന്നെ പതിച്ചു. ചിലി ഗോൾ കീപ്പർ ബ്രാവോയ്ക്ക് ആ ഫ്രീകിക്ക് തൊടാൻ ആയി എങ്കിലും വലയിൽ എത്തുന്നത് തടയാൻ ആവുമായിരുന്നില്ല. മെസ്സിയുടെ രാജ്യത്തിനായുള്ള 74ആം ഗോളായിരുന്നു ഇത്. മെസ്സിയുടെ കരിയറിലെ 57ആം ഫ്രീകിക്ക് ഗോളുമായിരുന്നു ഇത്.
രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഈ ഗോളിന് മറുപടി നൽകാൻ ചിലിക്കായി. 56ആം മിനുട്ടിൽ വിദാലിനെ ടഗ്ലിഫികോ വീഴ്ത്തിയതിനായിരുന്നു VAR പെനാൾട്ടി വിധിച്ചത്. ആ പെനാൾട്ടി വിദാൽ തന്നെയാണ് എടുത്തത്. വിദാലിന്റെ ഷോട്ട് സമർത്ഥമായി മാർട്ടിനെസ് തടത്തു എങ്കിലും വാർഗാസിന്റെ ഹെഡർ പന്ത് വലയിലേക്ക് തന്നെ എത്തിച്ചു.
വീണ്ടും ലീഡിൽ എത്താൻ മെസ്സിയുടെ ബലത്തിൽ അർജന്റീന ശ്രമിച്ചു കൊണ്ടിരുന്നു. 71ആം മിനുട്ടിൽ മെസ്സിയുടെ ഷോട്ട് ബ്രാവോ സേവ് ചെയ്തു. അറ്റാക്കിന്റെ ശക്തി കൂട്ടാൻ സ്കലോനി ഡി മറിയയെയും അഗ്വേറോയെയും കളത്തിൽ ഇറക്കി. മെസ്സി മനോഹരമായ അവസരങ്ങൾ സഹതാരങ്ങൾക്ക് ഒരുക്കി കൊടുത്തു എങ്കിലും ആ അവസരങ്ങൾ ഒക്കെ അർജന്റീനൻ അറ്റാക്കിംഗ് താരങ്ങൾ തുലച്ചു.
ആദ്യ വിജയം തേടി അടുത്ത മത്സരത്തിൽ ഇനി ശനിയാഴ്ച പുലർച്ചെ ഉറുഗ്വേയെ അർജന്റീന നേരിടും.