മരക്കാനയിലെ സ്വപ്ന ഫൈനൽ സ്വന്തമാക്കി ഫൈനൽ ശാപം അവസാനിപ്പിച്ച് ലയണൽ മെസ്സിയും അർജന്റീനയും. നാല് ഫൈനലുകളും നാല് പരാജയങ്ങൾക്കും ശേഷം ബ്രസീലിനെ ഡിമരിയയുടെ ഗോളിൽ പരാജയപ്പെടുത്തി അർജന്റീന കിരീടമുയർത്തി ചരിത്രമെഴുതിയിരിക്കുകയാണ്. അർജന്റീനയ്ക്ക് ഒപ്പം ഒരു കിരീടം എന്ന ലയണൽ മെസ്സിയുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഇന്ന് അവസാനമായി. ഇതിനു മുമ്പ് നാലു തവണ മെസ്സി അർജന്റീനക്ക് ഒപ്പം മേജർ ഫൈനലിൽ പങ്കെടുത്തിട്ടുണ്ട്. 2007ലെ കോപ അമേരിക്ക ഫൈനൽ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനൽ. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടു.
2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനൽ ആയിരുന്ന്യ് മെസ്സിയുടെ രണ്ടാമത്തെ ഫൈനൽ. അന്ന് ഗോട്സെയുടെ ഏക ഗോൾ മെസ്സിയിൽ നിന്നും അർജന്റീനയിൽ നിന്നും കിരീടം തട്ടിയെടുത്തു. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നിൽ കോപ അമേരിക്ക ഫൈനലുകളിലും അർജന്റീനയും മെസ്സിയും പരാജയപ്പെട്ടു. കഴിഞ്ഞ നാല് ഫൈനലുകളിലും ഗോളടിക്കാൻ കഴിയാതെ ഇരുന്ന മെസ്സി ഇത്തവണയും ഗോളടിച്ചില്ല എന്നത് കൗതുകകരമാണ്. അർജന്റീന സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരാവുമ്പോൾ ടൂർണമെന്റീന്റെ എല്ലാ നിമിഷവും കളിക്കളത്തിൽ ടീമിനായി അർപ്പിച്ച മെസ്സിക്ക് ഒരു സ്വപ്നം കൂടി യാഥാർത്ഥ്യമാവുകയായിരുന്നു. മറഡോണ അടക്കമുള്ള അർജന്റീനിയൻ ഇതിഹാസ താരങ്ങളുടെ കൂടെ കാലം ലയണൽ മെസ്സിയുടെ പേരും സുവർണ്ണ ലിപികളിൽ എഴുതിക്കഴിഞ്ഞു.