ഏറ്റവും മികച്ച വിജയങ്ങളിലൊന്ന്, ഇന്ത്യയ്ക്കെതിരെയുള്ള വിജയത്തെക്കുറിച്ച് മെഗ് ലാന്നിംഗ്

Sports Correspondent

ഇന്ത്യയ്ക്കെതിരെ സെമി ഫൈനൽ മത്സരത്തിൽ 5 റൺസിന്റെ വിജയം ആണ് ഓസ്ട്രേലിയ നേടിയത്. ജെമീമ റോഡ്രിഗസ് – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് ക്രീസിൽ നിന്നപ്പോള്‍ ഓസ്ട്രേലിയയ്ക്ക് മുട്ടിടിച്ചുവെങ്കിലും അവസാന വിജയം മെഗ് ലാന്നിംഗിന്റെ ടീമിനാണ് സ്വന്തമായത്.

താന്‍ കളിച്ച് ജയിച്ചതിൽ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഈ മത്സരം എന്നാണ് മത്സര ശേഷം ലാന്നിംഗ് പറഞ്ഞത്. ഓസ്ട്രേലിയ മികച്ച കളിയല്ല കളിച്ചതെങ്കിലും വിജയം നേടുവാന്‍ സാധിച്ചു എന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും താരം കൂട്ടിചേര്‍ത്തു.

ഇന്ത്യ തങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയതെന്നും അവസാനം വരെ കാലിടറാതെ നിന്ന് ഫൈനലുറപ്പിക്കാനായത് ടീമിന്റെ കരുത്ത് കാട്ടുന്നുവെന്നും മെഗ് ലാന്നിംഗ് വ്യക്തമാക്കി.