അങ്ങനെ എമ്പപ്പെയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ഔദ്യോഗികമായി ആരംഭിച്ചു. എമ്പപ്പെക്കായി റയൽ മാഡ്രിഡ് 160 മില്യൺ യൂറോയുടെ ബിഡ് പി എസ് ജിക്ക് സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് പോകാൻ തയ്യാറാണ് എങ്കിലും പി എസ് ജി ബോർഡ് താരത്തെ വിൽക്കാൻ ഒരുക്കമല്ല. പി എസ് ജി ഇതുവരെ റയൽ മാഡ്രിഡിന്റെ ബിഡിനോട് പ്രതികരിച്ചിട്ടുമില്ല. പി എസ് ജി പ്രസിഡന്റ് നാസർ അൽ ഖലീഫി എമ്പപ്പെയെ ഒരു കാരണവശാലും വിൽക്കില്ല എന്ന് നേരത്തെ ആവർത്തിച്ചു പറഞ്ഞിരുന്നു.
എന്നാൽ എമ്പപ്പെ പി എസ് ജിയിൽ ഒരു വിധത്തിലും കരാർ പുതുക്കാത്തത് ക്ലബിന് ആശങ്ക നൽകുന്നുണ്ട്. എമ്പപ്പെക്ക് നൽകി മൂന്ന് പുതിയ കരാറുകളും താരം നിരസിച്ചിരുന്നു. മെസ്സി എമ്പപ്പെ നെയ്മർ സഖ്യത്തെ ഒരുമിച്ച് കളത്തിൽ കാണാമെന്ന ഫുട്ബോൾ ആരാധകരുടെ ആഗ്രഹത്തിനാണ് റയൽ മാഡ്രിഡ് ശ്രമങ്ങൾ തിരിച്ചടിയാകുന്നത്. എമ്പപ്പെ നേരത്തെ തന്നെ റയലിലേക്ക് പോകാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എമ്പപ്പെ ക്ലബ് വിടുക ആണെങ്കിൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിൽ റൊണാൾഡോയെ ടീമിൽ എത്തിക്കാൻ പി എസ് ജി ശ്രമിക്കാനും സാധ്യതയുണ്ട്.