മെസ്സി, എമ്പപ്പെ, നെയ്മർ അടങ്ങിയ സൂപ്പർ താരനിരയെ നേർവഴിക്ക് നയിക്കാൻ പി എസ് ജിക്ക് പുതിയ പരിശീലകൻ

പി എസ് ജിയുടെ പരിശീലക സ്ഥാനം ഗാൽറ്റിയർ ഏറ്റെടുത്തു. ഒ ജി സി നീസിന്റെ പരിശീലക സ്ഥാനം കഴിഞ്ഞ ദിവസം ഗാൽറ്റിയർ ഒഴിഞ്ഞിരുന്നു. പോചടീനോയ്ക്ക് പകരക്കാരനായി എത്തുന്ന ഗാൽറ്റിയർ 2 വർഷത്തെ കരാർ പി എസ് ജിയിൽ ഒപ്പുവെച്ചു‌.

നീസിന്റെ പരിശീലകനായിരുന്ന ക്രിസ്റ്റോഫ് ഗാൽറ്റിയർ ഒരു സീസൺ മുമ്പ് ലില്ലെയെ നയിച്ച് പി എസ് ജിയുടെ കയ്യിൽ നിന്ന് ഫ്രഞ്ച് ലീഗ് കിരീടം തട്ടിയെടുത്തിരുന്നു. അന്ന് ലീഗ് കിരീടം നേടി എങ്കിലും പിന്നാലെ ഗാൽറ്റിയർ ക്ലബ് വിട്ട് നീസിലേക്ക് പോവുക ആയിരുന്നു. 55കാരനായ പരിശീലകൻ മുമ്പ് സെന്റ് അറ്റിയെനെ ക്ലബിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

എമ്പപ്പെ, നെയ്മർ, മെസ്സി എന്നിവരെ ഒരൊറ്റ അറ്റാക്കിൽ എങ്ങനെ അണിനിരത്തും എന്ന വലിയ വെല്ലുവിളി തന്നെ ആകും പുതിയ പി എസ് ജി പരിശീലകനും നേരിടുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാകും ഗാൽറ്റിയറിന്റെയും പ്രധാന ദൗത്യം.