ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ പി എസ് ജിക്ക് മിന്നും വിജയം. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിചിനെ ഒരു ത്രില്ലറിന് ഒടുവിൽ 3-2 എന്ന സ്കോറിനാണ് പി എസ് ജി വീഴ്ത്തിയത്.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പരാജയത്തിന് കണക്കു തീർക്കാം എന്ന പ്രതീക്ഷയിലായിരുന്നു പി എസ് ജി ഇന്ന് കളി തുടങ്ങിയത്. ലെവൻഡോസ്കിയും ഗ്നാബറിയും ഇല്ലാത്ത ബയേൺ പതിവുപോലെ ശക്തമായിരുന്നില്ല. അതുകൊണ്ട് തന്നെ പി എസ് ജിക്ക് നന്നായി തുടങ്ങാൻ ആയി. കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ പി എസ് ജി മുന്നിൽ എത്തി. ഒരു കൗണ്ടറിലൂടെ കുതിച്ച നെയ്മർ എല്ലാവരെയും കബളിപ്പിച്ച് കൊണ്ട് എമ്പപ്പെയ്ക്ക് പാസ് നൽകി. എമ്പപ്പെയുടെ ഷോട്ട് നൂയറിന്റെ കാലിൽ തട്ടി വലയിലേക്കും പോയി.
ആ ഗോളിന് തിരിച്ചടി നൽകാൻ ബയേൺ ശ്രമിക്കുന്നതിന് ഇടയിൽ പി എസ് ജി ഒരു ഗോൾ കൂടെ വലയിൽ കയറ്റി. ഇത്തവണയും ഗോൾ ഒരുക്കിയത് നെയ്മർ ആയിരുന്നു. 28ആം മിനുട്ടിൽ നെയ്മർ നൽകിയ പാസ് സ്വീകരിച്ച് ക്യാപ്റ്റൻ മാർകിനസ് ആണ് പി എസ് ജിയുടെ ലീഡ് ഇരട്ടിയാക്കിയത്. 37ആം മിനുട്ടിൽ ചൗപൊമ്മോടിങിന്റെ ഗോൾ ബയേണെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.
രണ്ടാം പകുതിയിൽ ആതിഥേയർ മെച്ചപ്പെട്ട ഫുട്ബോൾ കാഴ്ചവെച്ചും വെറ്ററൻ താരം മുള്ളർ അറുപതാം മിനുട്ടിൽ സമനില നൽകി. കിമ്മിച് എടുത്ത ഫ്രീകിക്കിൽ നിന്ന് മനോഹര ഹെഡറിലൂടെ ആയിരുന്നു മുള്ളർ വല കണ്ടെത്തിയത്. സ്കോർ 2-2. അധികം സമയം എടുത്തില്ല പി എസ് ജി ലീഡ് തിരിച്ചുപിടിക്കാൻ. എമ്പപ്പെ ആണ് വീണ്ടും നൂയറിനെ കീഴ്പ്പെടുത്തിയത്. 68ആം മിനുട്ടിൽ സ്കോർ 3-2. വിജയം മാത്രമല്ല മൂന്ന് എവേ ഗോൾ നേടി എന്നതും പി എസ് ജിക്ക് രണ്ടാം പാദത്തിലേക്ക് മുതൽകൂട്ടാകും.