ശതകമില്ലാതെ മയാംഗിനു മടക്കം, ഓസ്ട്രേലിയയ്ക്കായി ഇരു വിക്കറ്റുകളും നേടി പാറ്റ് കമ്മിന്‍സ്

Sports Correspondent

ചായയ്ക്ക് തൊട്ടുമുമ്പ് പാറ്റ് കമ്മിന്‍സിന്റെ ഓവറില്‍ ക്യാപ്റ്റന്‍ ടിം പെയിന്‍ പിടിച്ച് മയാംഗ് പുറത്താകുമ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ നേടിയത് 76 റണ്‍സായിരുന്നു. 161 പന്തില്‍ നിന്ന് 8 ഫോറുകളും ഒരു സിക്സും അടക്കം വളരെ പക്വമായ ഒരിന്നിംഗ്സാണ് ഇന്ന് തന്റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ മയാംഗ് സ്വന്തമാക്കിയത്. ചായയ്ക്ക് പിരിയുന്നതിനു മുമ്പുള്ള അവസാന ഓവറിലെ അഞ്ചാം പന്തിലാണ് മയാംഗിന്റെ മടക്കം.

നേരത്തെ ഇന്ത്യയുടെ പകരക്കാരന്‍ ഓപ്പണര്‍ ഹനുമ വിഹാരിയെ പുറത്താക്കിയ പാറ്റ് കമ്മിന്‍സ് തന്നെയാണ് മയാംഗിന്റെയും അന്തകനായത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 54.5 ഓവറില്‍ 123/2 എന്ന നിലയിലാണ്. ചേതേശ്വര്‍ പുജാര 33 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.