ഒടുവില്‍ ആ വിളിയെത്തി, മയാംഗ് അഗര്‍വാല്‍ ഇന്ത്യന്‍ ടീമില്‍

മയാംഗ് അഗര്‍വാലിനും മുഹമ്മദ് സിറാജിനും ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിളി ലഭിച്ചപ്പോള്‍ മുന്‍ നിര പേസര്‍മാര്‍ക്ക് വിശ്രമം നല്‍കി വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും ടീമില്‍ ഇടം പിടിച്ചില്ല. രഞ്ജി കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 1160 റണ്‍സ് നേടിയ മയാംഗിനും മികച്ച ഫോമില്‍ കളിക്കുന്ന മുഹമ്മദ് സിറാജിനും ഇതാദ്യമായാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിയ്ക്കുന്നത്. ഓപ്പണര്‍മാര്‍ക്കും മുന്‍ നിര പേസര്‍മാര്‍ക്കെല്ലാം വിശ്രമം നല്‍കിയതിനാല്‍ ഇരുവരും തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റം പരമ്പരയ്ക്കിടയില്‍ നടത്തുമെന്ന് ഉറപ്പാണ്.

ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയതോടെ കീപ്പിംഗ് ദൗത്യം ഋഷഭ് പന്ത് തന്നെ കൈകാര്യം ചെയ്യും. ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ ഇന്ത്യയെ നയിച്ച പേസ് സഖ്യത്തില്‍ മുഹമ്മദ് ഷമി മാത്രമാണ് ടീമില്‍ സ്ഥാനം പിടിച്ചതെങ്കില്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമിലെ സ്ഥാനം നിലനിര്‍ത്തി. കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

ഇഷാന്തിനെ പരിക്കാണ് അലട്ടുന്നതെങ്കില്‍ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കിയതാണെന്ന് വേണം വിശ്വസിക്കുവാന്‍. രാജ്കോട്ടില്‍ ഒക്ടോബര്‍ 4നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്. രണ്ടാമത്തെ ടെസ്റ്റ് ഒക്ടോബര്‍ 12നു ഹൈദ്രാബാദില്‍ നടക്കും.

ഇന്ത്യ: വിരാട് കോഹ്‍ലി, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍

Exit mobile version