ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ ജയം. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഗോളടിക്കുന്ന പതിവ് ഇത്തവണയും ബെംഗളൂരു തെറ്റിച്ചില്ല.മത്സരത്തിലെ സർവ്വാധിപത്യവും ബെംഗളൂരുവിനായിരുന്നു. ഭാഗ്യം തുണച്ചത് കൊണ്ട് മാത്രമാണ് പൂനെ അധികം ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത്. ഉദാന്ത സിങ്ങും രാഹുൽ ഭേകെയുമാണ് ബെംഗളുരുവിന്റെ ഗോളുകൾ അടിച്ചത്. രാഹുൽ ഭേകെയുടെ സെൽഫ് ഗോളാണ് പൂനെക്ക് കിട്ടിയ ഗോൾ.
ഇന്ന് ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ നായകനും പ്രതിനായകനുമായത് രാഹുൽ ഭേകെയാണ്. ആദ്യ പകുതിയിൽ ഓൺ ഗോളടിച്ച താരം തന്നെയാണ് 88 ആം മിനുട്ടിൽ ബെംഗളൂരുവിന്റെ വിജയ ഗോൾ നേടിയതും. പതിനൊന്നാം മിനുട്ടിൽ ഉദാന്ത സിങ്ങിലൂടെ ബെംഗളൂരു ലീഡ് നേടി. എന്നാൽ ബെംഗളൂരുവിന്റെ ആഹ്ലാദം ഏറെ നീണ്ടു നിന്നില്ല. മൂന്നു മിനുട്ടിനു ശേഷം രാഹുൽ ഭേകെയുടെ സെൽഫ് ഗോളിലൂടെ പൂനെ സമനില നേടി.
ആദ്യ പകുതിയിൽ പ്രതിനായകനായ രാഹുൽ 88 ആം മിനുട്ടിൽ ഹാർമോൺജോത് ഖബ്‌റയുടെ ക്രോസ്സ് വലയിലേക്ക് കയറ്റി. ഈ വിജയത്തോടു കൂടി ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഡ് അഞ്ചായി ഉയർത്തി ബെംഗളൂരു എഫ്‌സി. ഈ പരാജയത്തോടു കൂടി ലീഗിൽ ഒന്പതാമതാണ് പൂനെ സിറ്റി.