കെയിന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മറുപടിയുമായി ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും രംഗത്തെത്തിയപ്പോള്‍ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം സ്വന്തമാക്കിയ ഓസ്ട്രേലിയ തങ്ങളുടെ കന്നി കിരീടമാണ് ടി20 ലോകകപ്പിൽ നേടിയത്.
ഇന്ന് 173 റൺസ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മൂന്നാം ഓവറിൽ ആരോൺ ഫിഞ്ചിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ വെറും 15 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡേവിഡ് വാര്‍ണര്‍ – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ടിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് മത്സരത്തിൽ ഓസ്ട്രേലിയയുടെ മടങ്ങി വരവ് സാധ്യമാക്കുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് 92 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. ഫിഞ്ചിനെ പുറത്താക്കിയ ബോള്‍ട്ട് തന്നെയാണ് ഡേവിഡ് വാര്‍ണറുടെ വിക്കറ്റും നേടിയത്. 38 പന്തിൽ 4 ഫോറും 3 സിക്സും നേടിയ ഡേവിഡ് വാര്‍ണര്‍ 53 റൺസാണ് നേടിയത്.
വാര്‍ണര്‍ പുറത്തായ ശേഷവും അടി തുടര്‍ന്ന മാര്‍ഷ് 31 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചു. കൂട്ടായി എത്തിയ മാക്സ്വെല്ലും സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ ഓസ്ട്രേലിയന്‍ വിജയം അനായാസമായി. മാര്‍ഷ് 50 പന്തിൽ 77 റൺസും ഗ്ലെന്‍ മാക്സ്വെൽ 18 പന്തിൽ 28 റൺസും ആണ് പുറത്താകാതെ നേടിയത്.
66 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇവര്‍ നേടിയത്.