കാത്തിരിപ്പ് പാഴായി, മാർസലീനൊ കേരള ബ്ലാസ്റ്റേഴ്സിലേക്കില്ല

Jyotish

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് വെറുതേയായി. പൂനെ സിറ്റിയുടെ ബ്രസീലിയൻ സ്റ്റാർ മാർസലീനോ ബ്ലാസ്റ്റേഴ്സിലേക്കില്ല. സമൂഹമാധ്യമങ്ങളിൽ മാർസലീനോ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നെന്ന രീതിയിലുള്ള വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം നിഷേധിച്ച് മാർസലീനോ രംഗത്തെത്തിയിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരികയാണോ എന്ന് ചോദിച്ച് ആയിരക്കണക്കിന് മെസേജുകളാണ് തനിക്ക് ലഭിച്ചു കൊണ്ടീരിക്കുന്നതെന്നും ബ്ലാസ്റ്റേഴ്സ് തന്റെ ഏജന്റുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മാർസലീനോ പറഞ്ഞു. കൊച്ചിയിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് വരുന്നത് ഫേക്ക് ന്യൂസുകളാണെന്നും താരം പറഞ്ഞു. സാധരണയായി ഫേക്ക് ന്യൂസുകളെ അവഗണിക്കുന്ന തനിക്ക് ആരാധകരുടെ ആയിരക്കണക്കിന് മെസേജുകളെ അവഗണിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സൂപ്പർ ലീഗിൽ 2016 ലാണ് മാർസലീനോ എത്തുന്നത്. ഡെൽഹി ഡൈനാമോസിനോടൊപ്പമായിരുന്നു ആദ്യ സീസണിൽ താരം. കന്നി സീസണിൽ ഐഎസ്എല്ലിലെ ടൊപ്പ് സ്കോററായ മാർസലീനോ ഗോൾഡൻ ബൂട്ട് നേടിയിരുന്നു. കഴിഞ്ഞ രണ്ട് സീസണായി പൂനെ സിറ്റിക്കൊപ്പമാണ് മാർസലീനോ. പൂനെ സിറ്റിയുടെ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതിന് ശേഷമാണ് മാർസലീനോ – ബ്ലാസ്റ്റേഴ്സ് നീക്കമെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്.