പ്രീമിയർ ലീഗിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി. ഓൾഡ്ട്രാഫോർഡിൽ നടന്ന ശക്തമായ പോരാട്ടത്തിന് ഒടുവിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ഒരുപാട് അവസരങ്ങൾ യുണൈറ്റഡ് നഷ്ടപ്പെടുത്തിയ മത്സരത്തിൽ ഒരു സെൽഫ് ഗോളാണ് യുണൈറ്റഡിന് വിജയം നൽകിയത്.
ഇന്ന് ആദ്യ പകുതിയിൽ അത്ര മനോഹര ഫുട്ബോൾ അല്ല യുണൈറ്റഡ് കളിച്ചത് എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് ആയി. ആദ്യത്തെ മികച്ച അവസരം വന്നത് റാഷ്ഫോർഡിനായിരുന്നു. ഗ്രീൻവുഡ് വലതു വിങ്ങിൽ നിന്ന് നൽകിയ മനോഹരമായ ക്രോസ് പക്ഷെ ടാർഗറ്റിലേക്ക് ഹെഡ് ചെയ്യാൻ റാഷ്ഫോർഡിനായില്ല. ബ്രൂണൊ ഫെർണാണ്ടസിന്റെ പാസിൽ നിന്നും റാഷ്ഫോർഡിന് ഒരു അവസരം ലഭിച്ചു. ആ ശ്രമവും ഫാബിയൻസ്കിക്ക് സമ്മർദ്ദം നൽകിയില്ല.
ബ്രൂണോ ഒരു അവസരം കൂടെ ആദ്യ പകുതിയിൽ സൃഷ്ടിച്ചു. ഗ്രീൻവുഡ് ബ്രൂണോയുടെ പാസ് സ്വീകരിച്ച് ലക്ഷ്യത്തിലേക്ക് പന്ത് തൊടുത്തു എങ്കിലും ഫബിയൻസ്കിയും പോസ്റ്റും ചേർന്ന് ഗ്രീൻവുഡിനെ തടഞ്ഞു. രണ്ടാം പകുതിയിൽ 53ആം മിനുട്ടിലാണ് യുണൈറ്റഡ് ഗോൾ വന്നത്. ഒരു സെൽഫ് ഗോളായിരുന്നു. ബ്രൂണൊ ഫെർണാണ്ടസിന്റെ കോർണറിൽ നിന്ന് മക്ടോമിനി ഫ്ലിക് ചെയ്ത ബോൾ വെസ്റ്റ് ഹാം ഡിഫൻഡർ ഡൗസന്റെ തലയിൽ തട്ടി വലയിലേക്ക് കയറുക ആയിരുന്നു.
60ആം മിനുട്ടിൽ ലീഡ് ഉയർത്താൻ ഉള്ള ബ്രൂണൊ ഫെർണാണ്ടസിന്റെ ലോങ് റേഞ്ചറിലൂടെയുള്ള ശ്രമം ഫബിയാൻസ്കി തടഞ്ഞു. ഒരു ഗോളിന് പിറകിൽ പോയ ശേഷം മാറ്റങ്ങൾ വരുത്തിയ വെസ്റ്റ് ഹാം കൂടുതൽ അറ്റാക്കിലേക്ക് മാറി. എങ്കിലും യുണൈറ്റഡ് ഡിഫൻസ് സമർത്ഥമായി അറ്റാക്കുകളെ തരണം ചെയ്തു. 77ആം മിനുട്ടിൽ ഒരു കൗണ്ടറിലൂടെ വീണ്ടും യുണൈറ്റഡ് ലീഡ് ഉയർത്താൻ ശ്രമിച്ചു. കളിയിൽ രണ്ടാം തവണയും ഗ്രീൻവുഡിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.
ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ 57 പോയിന്റുമായയി രണ്ടാം സ്ഥാനത്ത് തന്നെ നിർത്തുകയാണ്. അഞ്ചാമതുള്ള വെസ്റ്റ് ഹാമിനെക്കാൾ 9 പോയിന്റിന്റെ വ്യത്യാസം ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. അതുകിണ്ട് തന്നെ ഈ വിജയം യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ നിർണായകമാകും.