മാഞ്ചസ്റ്റർ യുണൈറ്റഡ് ടോപ് 4ൽ തിരികെയെത്തി. അതും ഒരു അവസാന നിമിഷ ഗോളിൽ. ഇന്ന് ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഹാമിനോടു അവസാന നിമിഷം വരെ പൊരുതിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 3 പോയിന്റ് നേടിയത്.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ നല്ല രീതിയിലാണ് യുണൈറ്റഡ് തുടങ്ങിയത്. ഒരു ബ്രേക്കിലൂടെ ആദ്യ മിനുട്ടുകളിൽ തന്നെ ബ്രൂണോ ഫെർണാണ്ടസ് ഒരു നല്ല അവസരം യുവ ഫോർവേഡ് ഗ്രീൻവുഡിന് ഒരുക്കി കൊടുത്തു. എന്നാൽ ഗ്രീൻവുഡിന്റെ സ്വാർത്ഥത ആ അവസരം ഇല്ലാതാക്കി. ബ്രൂണോ തന്നെ പിന്നീട് ഇടതു വിങ്ങിൽ നിന്ന് ഒരു ക്രോസിൽ റൊണാൾഡോയെ കണ്ടെത്തി. പക്ഷെ റൊണാൾഡോയ്ക്ക് പന്ത് കണക്ട് ചെയ്യാൻ ആയില്ല. തുടക്കത്തിലെ വേഗത പിന്നീട് യുണൈറ്റഡിനെ കളിക്ക് ഉണ്ടായില്ല. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് ഇരു ടീമുകൾക്കും അടിക്കാൻ ആയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫ്രെഡിന്റെ ഒരു ഷോട്ട് ആണ് ടാർഗറ്റിലേക്ക് വന്ന ആദ്യ ഷോട്ട് ആയത്. ആ ഷോട്ട് അരിയോള സമർത്ഥമായി തടയുകയും ചെയ്തു. ഇതിനു ശേഷം യുണൈറ്റഡ് അധികം അവസരങ്ങൾ സൃഷ്ടിച്ചില്ല. റാഷ്ഫോർഡ്, കവാനി, മാർഷ്യൽ എന്നിവരെ യുണൈറ്റഡ് സബ്ബായി കളത്തിൽ എത്തിച്ചു. ഈ നീക്കം ഫലിച്ചു. 94ആം മിനുട്ടിൽ മാർഷ്യലിന്റെ പാസിൽ നിന്ന് കവാനി പെനാൾട്ടി ബോക്സിൽ കുതിച്ച് കവാനിയുടെ പാസിൽ നിന്ന് റാഷ്ഫോർഡ് വല കണ്ടെത്തുക ആയിരുന്നു.
ജയത്തോടെ വെസ്റ്റ് ഹാമിനെ പോയിന്റ് ടേബിളിൽ മറികടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. 38 പോയിന്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്തും 37 പോയിന്റുമായി വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.