ട്രാൻസ്ഫറിന്റെ അവസാന ദിവസം, താരങ്ങളെ എത്തിക്കാനാവാതെ ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീസണിലെ പ്രതീക്ഷകൾ കൈവിട്ടിരിക്കുകയാണ്. ടീം മെച്ചപ്പെടുത്തും എന്നും ആരെയെങ്കിലും വിൽക്കുകയാണെങ്കിൽ പകരം ആളെ വാങ്ങും എന്നും ടീമിലെ ശരാശരൊ താരങ്ങളെ വിൽക്കും എന്നൊക്കെ പറഞ്ഞ ഒലെയുടെ വാക്കുകൾ വെറും വാക്കുകൾ ആയി മാറി. ഇനി ഇംഗ്ലണ്ടിലെ ട്രാൻസ്ഫർ വിൻഡോ അടക്കാൻ മണിക്കൂറുകൾ മാത്രമേ ഉള്ളൂ. യുണൈറ്റഡ് അത്ഭുതങ്ങൾ കാണിച്ച് ആരെയെങ്കിലും സൈൻ ചെയ്തില്ല എങ്കിൽ ടോപ് 4 എന്നത് പോലും ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.

ഈ സമ്മറിൽ സ്വാൻസിയുടെ ഡാനിയൽ ജെയിംസ്, റൈഫ്റ്റ് ബാക്കായ വാൻ ബിസാക, സെന്റർ ബാക്ക് ഹാരി മഗ്വയർ എന്നിവരെയാണ് യുണൈറ്റഡ് ടീമിൽ എത്തിച്ചത്. ഇതിൽ ബിസാകയും മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത കാലത്ത് സൈൻ ചെയ്ത ഏറ്റവും മികച്ച താരങ്ങളാണ്. എന്നാൽ അതുകൊണ്ട് യുണൈറ്റഡിന്റെ പ്രശ്നങ്ങൾ തീരില്ല. ഇപ്പോൾ യുണൈറ്റഡിന്റെ പ്രധാന പ്രശ്നങ്ങൾ നിലകൊള്ളുന്നത് മിഡ്ഫീൽഡിലും അറ്റാക്കിലും ആണ്. ഗോളടിക്കാൻ കഴിവുണ്ടായിരുന്ന ഏക താരമായ ലുകാകു ക്ലബ് വിട്ട് ഇന്റർ മിലാനിൽ ചേക്കേറി. ലുകാകുവിന് പകരക്കാരെ ഇതുവരെ യുണൈറ്റഡ് വാങ്ങിയില്ല.

ലുകാകു ക്ലബ് വിടുമെന്ന് കഴിഞ്ഞ സീസൺ അവസാനം തന്നെ വ്യക്തമായിരുന്നിട്ടും ഒരു പകരക്കാരനെ കണ്ടെത്താൻ ആവാത്തത് ക്ലബിന്റെ പരാജയം ആണ്. ഇപ്പോൾ റഷ്ഫോർഡും മാർഷ്യലും ഒപ്പം 17കാരനായ ഗ്രീന്വുഡുമാണ് യുണൈറ്റഡിൽ സ്ട്രൈക്കറായി കളിക്കാൻ പറ്റുന്ന താരങ്ങൾ. ഇതിൽ മാർഷ്യലും റാഷ്ഫോർഡും ഒന്നും സീസണിൽ 20 ഗോളുകൾ പോലും അടിക്കാൻ കഴിവുള്ള താരങ്ങളല്ല. ഗ്രീൻവുഡ് ആകട്ടെ സീനിയർ ഫുട്ബോളിൽ ഇനിയും പിച്ചവെച്ച് തുടങ്ങുന്നേ ഉള്ളൂ. മാൻസുകിചിനായും ഡിബാലയ്ക്കായും ഒക്കെ യുണൈറ്റഡ് ശ്രമിച്ചു എങ്കിലും ഇതുവരെ ആ ശ്രമങ്ങൾ ഒക്കെ പരാജയപ്പെട്ട് തന്നെ നിൽക്കുകയാണ്.

മധ്യനിരയിലും കാര്യം കഷ്ടം തന്നെയാണ്. ക്ലബിലെ പ്രധാന മിഡ്ഫീൽഡർ ആയിരുന്ന ഹെരേര ക്ലബ് വിട്ടതിന് ഇനിയും പകരക്കാരൻ എത്തിയിട്ടില്ല. പോഗ്ബയ്ക്ക് ഒപ്പം കളിക്കാൻ ഉള്ളത് ഒട്ടും വേഗത ഇല്ലത്ത കരിയറിൽ താഴോട്ട് പതിക്കുന്ന മാറ്റിചും യുണൈറ്റഡ് അക്കാദമി പ്രൊഡക്ട് ആയ മക്ടോമിനെയും ആണ്. പിന്നെ ഉള്ളത് ക്ലബിൽ ചുവടുറപ്പിക്കാൻ ഇനിയും ആകാത്ത ബ്രസീലിയൻ താരങ്ങളായ ഫ്രെഡും പെരേരയും ആണ്. മിഡ് ടേബിൾ ക്ലബുകളിൽ പോലും ആദ്യ ഇലവനിൽ എത്താത്ത താരങ്ങളാണ് യുണൈറ്റഡിന്റെ മധ്യനിരയിലെ മിക്ക താരങ്ങളും. അവസാന രണ്ട് മാസമായി ബ്രൂണോ ഫെർണാണ്ടസിനെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമിച്ചു എങ്കിലും അതും നടന്നില്ല. ടീമിന്റെ ദീർഘകാല പ്രശ്നമായ റൈറ്റ് വിങ്ങിൽ ഒരു താരമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

കഴിഞ്ഞ സീസണിൽ ഒരു സെന്റർ ബാക്കിനെ വാങ്ങാൻ ക്ലബ് മാനേജ്മെന്റിനോട് കാലു പിടിച്ച് ആവശ്യപ്പെട്ടിട്ടും നടക്കാതിരുന്നത് ആയിരുന്നു മൗറീനോയുടെ പരാജയത്തിന് കാരണം. ഇത്തവണ ഗോളടിക്കാൻ ആളില്ലാത്തതും മധ്യനിരയിൽ ശരാശരി താരങ്ങൾ ആണെന്നതും ഒലെയെയും യുണൈറ്റഡിനെയും പെരുവഴിയിൽ ആക്കിയേക്കും. വലിയ ക്ലബ് എന്നത് പേരിൽ മാത്രമുള്ള ക്ലബായി യുണൈറ്റഡ് തുടരുക തന്നെ ചെയ്യും എന്ന സൂചന കൂടിയാണ് ഈ ട്രാൻസ്ഫർ വിൻഡോ.