മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം പൊരുതി കളിച്ച സ്പർസ് സമനില നേടി. 2-2 എന്ന നിലയിൽ അവസാനിച്ച മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ നൽകും. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ ടോപ് 4 മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏതാണ്ട് ഉറപ്പിക്കാമായിരുന്നു.
റയാൻ മേഴ്സൺ ചുമതലയേറ്റ ആദ്യ മത്സരത്തിൽ സ്പർസിന് അത്ര നല്ല ആദ്യ പകുതി ആയിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർ ആക്രമണങ്ങൾ കണ്ട ആദ്യ പകുതിയിൽ സന്ദർശകർ ഏഴാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. മാർക്കസ് റാഷ്ഫോർഡിന്റെ പാസ് സ്വീകരിച്ച് മനോഹരമായ സ്ട്രൈക്കിലൂടെ സാഞ്ചോ വല കണ്ടെത്തി. സ്കോർ 1-0.
44ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കിയത്. ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ലോങ് പാസ് സ്വീകരിച്ചു മുന്നേറിയ റാഷ്ഫോർഡ് ഒരു ഇടംകാലൻ സ്ട്രൈക്കിലൂടെ ഗോൾ കണ്ടെത്തി. റാഷ്ഫോർഡിന്റെ സീസണിലെ 29ആം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ സ്പർസ് താളം കണ്ടെത്തി.56ആം മിനുട്ടിൽ പെഡ്രോ പോറോയുടെ മികച്ച സ്ട്രൈക്ക് അവർക്ക് ആദ്യ ഗോൾ നൽകി. സ്കോർ. ഇതിനു ശേഷം സ്പർസിന് നിരവധി അവസരങ്ങൾ ആണ് സമനില ഗോൾ സ്കോർ ചെയ്യാനായി കിട്ടിയത്. പക്ഷെ മോശം ഫിനിഷിംഗ് അവരെ രണ്ടാം ഗോളിൽ നിന്ന് അകറ്റി.
അവസാനം 79ആം മിനുട്ടിൽ സ്പർസ് അർഹിച്ച സമനില ഗോൾ വന്നു. ഹാരി കെയ്നിന്റെ പാസിൽ നിന്ന് ഹ്യുങ് മിൻ സോണിന്റെ ഫിനിഷ്. സ്കോർ 2-2. ഇതിനു ശേഷം വിജയ ഗോളിനായി രണ്ട് ടീമുകളും ശ്രമിച്ചു എങ്കിലും വിജയ ഗോൾ വന്നില്ല. 31 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. സ്പർസ് 54 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.