അത്ഭുതം റാഷ്ഫോർഡ്! അടങ്ങാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെപ്സിഗിന്റെ വലനിറച്ച് ഒലെയുടെ ചെമ്പട!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന് മറ്റൊരു ഗംഭീര യൂറോപ്യൻ രാവ്. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വൻ വിജയം നേടിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ പി എസ് ജിയെ ആണ് തോൽപ്പിച്ചത് എങ്കിൽ യുണൈറ്റഡ് ഇന്ന് തോൽപ്പിച്ചത് കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ ലെപ്സിഗിനെ ആണ്. എതിരില്ലാത്ത അഞ്ചു ഗോളുകളുടെ ഏകപക്ഷീയമായ വിജയം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്വന്തമാക്കി.

നഗൽസ്മാന്റെ പ്രസിംഗ് ഫുട്ബോളിന് മുന്നിൽ തുടക്കത്തിൽ താളം കിട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ടപ്പെട്ടു. എങ്കിലും യുണൈറ്റഡ് അവർക്ക് ലഭിച്ച ആദ്യ നല്ല അവസരം തന്നെ മുതലെടുത്തു. 21ആം മിനുട്ടിൽ ഗ്രീൻവുഡിലൂടെ ആയിരുന്നു യുണൈറ്റഡിന്റെ ആദ്യ ഗോൾ. പോൾ പോഗ്ബയുടെ പാസ് സ്വീകരിച്ച യുവതാരം മികവുറ്റ ഒരു ഇടം കാലൻ ഫിനിഷിലൂടെ യുണൈറ്റഡിന് ലീഡ് നൽകി.

ഗ്രീൻവുഡിന്റെ ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. മത്സരത്തിൽ രണ്ടു ടീമുകളും ഇഞ്ചോടിഞ്ച് ഒപ്പം നിന്നത് കൊണ്ട് തന്നെ അധികം അവസരങ്ങൾ രണ്ട് വശത്തും ആദ്യ പകുതിയിൽ വന്നില്ല. രണ്ടാം പകുതിയിൽ റാഷ്ഫോർഡിനെയും ബ്രൂണോയെയും ഇറക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. ആ നീക്കം ഗുണവും ചെയ്തു. 74ആം മിനുട്ടിൽ ബ്രൂണോ നൽകിയ പാസ് സ്വീകരിച്ച് ഗ്രൗണ്ടിന്റെ പകുതിക്ക് നിന്ന് കുതിച്ച് ലെപ്സിഗ് വലയിൽ പന്ത് എത്തിച്ചു. ആദ്യം ആ ഗോൾ ഓഫ് സൈഡ് വിധിച്ചു എങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് അല്ല എന്ന് തെളിഞ്ഞു.

ഈ ഗോളിന് പിന്നലെ മറ്റൊരു ലോകോത്തര ഗോളിലൂടെ റാഷ്ഫോർഡ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. ബോക്സിന് പുറത്ത് നിന്ന് പന്ത് സ്വീകരിച്ച റാഷ്ഫോർഡ് ഗംഭീര സ്കില്ലിലൂടെ ലെപ്സിഗ് ഡിഫൻസിനെ മറികടന്ന് ബോക്സിൽ എത്തി ബുള്ളറ്റ് ഷോട്ടിലൂടെ യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി. 86ആം മിനുട്ടിൽ മാർഷ്യലിനെ വീഴ്ത്തിയതിന് യുണൈറ്റഡിന് പെനാൾട്ടി ലഭിച്ചു. ഹാട്രിക്ക് മുന്നിൽ ഉണ്ടായിരുന്നു എങ്കിലും മാർഷ്യൽ ആണ് പെനാൾട്ടി എടുത്തത്. അത് ലക്ഷ്യത്തിൽ എത്തിച്ച് മാർഷ്യൽ സീസണിലെ തന്റെ ആദ്യ ഗോൾ നേടി. പിന്നാലെ മാർഷ്യലിന്റെ പാസിൽ 93ആം മിനുട്ടിൽ റാഷ്ഫോർഡ് തന്റെ ഹാട്രിക്കും പൂർത്തിയാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ്ട്രാഫോർഡിലെ ഈ സീസണിലെ ആദ്യ വിജയമാണിത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ലെപ്സിഗിന് മൂന്ന് പോയിന്റാണ് ഉള്ളത്.